കാസർകോട്: അടുത്ത വർഷം നടക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കന്നഡ മണ്ണിൽ മഹാറാലി സംഘടിപ്പിച്ച് സിപിഎം. പാർട്ടിയുടെ ശക്തികേന്ദ്രമായ ബാഗേപള്ളിയിൽ നടന്ന റാലിയിലും പൊതുസമ്മേളനത്തിലും ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. വര്‍ഗീയതയെ ആദര്‍ശമാക്കി മാറ്റാന്‍ രാജ്യത്ത് ശ്രമം നടക്കുന്നുവെന്ന് സിപിഎം മഹാറാലി ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
രാജ്യത്തിന്‍റെ ചരിത്രം തിരുത്താൻ പല ഭാഗങ്ങളില്‍ നിന്നും ശ്രമങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം മതവിഭാഗങ്ങളെക്കുറിച്ച് ഭീതി പരത്തുന്നു. ഇതിന് അനുസരണമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു.
ജനാധിപത്യത്തിന്‍റെ അടിസ്ഥാന ശിലകളെ തകര്‍ക്കുകയാണ്. ഇതിനായി ജനാധിപത്യത്തിന്‍റെ മൂടുപടം അണിയുന്നു. ദേശീയതയെന്നാല്‍ ഹിന്ദുത്വ ദേശീയതയാണെന്ന് സ്ഥാപിക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹിജാബ് നിരോധനം: ഹിജാബ് നിരോധനത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. വർഗീയ ഭിന്നിപ്പ് വർധിപ്പിക്കാൻ അധികാരികൾ കൂട്ടുനിന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങൾ രണ്ടാം പൗരൻ എന്ന ആശയം നടപ്പാക്കുന്നതിന്‍റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം നേട്ടത്തിനായി ഭീതിതമായ അന്തരീക്ഷം രാജ്യമാകെ ഉണ്ടാക്കാൻ സംഘപരിവാർ ശ്രമിക്കുന്നു. ലൗ ജിഹാദ് അടക്കം സംഘപരിവാർ പണിപ്പുരയിൽ നിന്ന് ഉയരുന്നു. പോപ്പുലർഫ്രണ്ട്, എസ്‍ഡിപിഐ, ജമാഅത്തെ ഇസ്ലാമിയുടെ നീക്കങ്ങൾ സംഘപരിവാറിന്‍റെ ഈ നീക്കങ്ങൾക്ക് ഗുണമാകുന്നു.
ന്യൂനപക്ഷ വർഗീയതയും പരസ്‌പര പൂരകമാകുന്നു. മത വർഗീയ ശക്തികൾ ദേശീയതയുടെ മൂടുപടം അണിയുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.