കൊല്‍ക്കത്ത: കൊവിഡ് വ്യാപനത്തിനിടയിലും തെരഞ്ഞെടുപ്പ് ആവേശത്തിന് കുറവില്ലാത്ത പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മത്സരിക്കുന്ന നന്ദി ഗ്രാം പോലെ തന്നെ ശ്രദ്ധ തേടുകയാണ് അവരില്ലാത്ത ഭവാനിപ്പൂരും. ബിജെപിയുടെ വെല്ലുവിളി സ്വീകരിച്ചാണ് മമത ബാനര്‍ജി സ്വന്തം മണ്ഡലമായ ഭവാനിപ്പൂര്‍ ഉപേക്ഷിച്ച് നന്ദിഗ്രാമില്‍ മത്സരത്തിനിറങ്ങിയത്. തെക്കന്‍ കൊല്‍ക്കത്തയില്‍ മമത ബാനര്‍ജി രണ്ട് തവണ ജയിച്ചുകയറിയ ഉറച്ച കോട്ട നിലനിര്‍ത്തേണ്ടത് തൃണമൂലിനെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്.
ഭവാനിപ്പൂരില്‍ മുതിര്‍ന്ന നേതാവ് ശോഭന്‍ ദേബ് ചതോപാദ്ധ്യായയാണ് ടിഎംസി സ്ഥാനാര്‍ഥി. മണ്ഡലത്തില്‍ ആഴത്തില്‍ വേരുകളുള്ള ശോഭന്‍ ദേബിന്‍റെ സ്ഥാനാര്‍ഥിത്വം ഉറച്ച പ്രതീക്ഷകളാണ് തൃണമൂലിന് നല്‍കുന്നത്. മണ്ഡലം പിടിക്കാന്‍ ബംഗാളി നടനായ രുദ്രാനില്‍ ഘോഷിനെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. മമതയുടെ അസാന്നിധ്യവും സ്ഥാനാര്‍ഥിയുടെ താരത്തിളക്കവുമാണ് എന്‍ഡിഎ ക്യാമ്പിന്‍റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്. ഇടത് പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന സംയുക്ത മോര്‍ച്ച സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ് ശദാബ് ഖാനും മത്സരത്തിനിറങ്ങുന്നു. ഭവാനിപ്പൂരില്‍ നിന്നും പരാജയ ഭീതി മൂലം മമത ഒളിച്ചോടിയെന്ന പ്രചാരണത്തിലാണ് ഇരുമുന്നണികളും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബിജെപിയെ പ്രതിരോധിക്കാന്‍ നന്ദിഗ്രാമില്‍ യുദ്ധത്തിനിറങ്ങിയ മമതയ്ക്കും തൃണമൂലിനും പിന്തുണ നല്‍കണമെന്ന പ്രചാരണ തന്ത്രവുമായി ഭരണകക്ഷിയും ഭവാനിപ്പൂരില്‍ സജീവ പ്രചാരണം നയിക്കുന്നു. തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയാണ് നന്ദിഗ്രാമിലെ മമതയുടെ മുഖ്യ എതിരാളി.
കൂടുതല്‍ വായനയ്ക്ക്: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പൂർണ പരാജയമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി
ഏഴാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഭവാനിപ്പൂരിലെ മിത്ര സ്കൂള്‍ പോളിങ്ങ് ബൂത്തില്‍, വീല്‍ചെയറില്‍ വോട്ട് ചെയ്യാനെത്തിയ മമതയ്ക്ക് അണികള്‍ കല്‍പ്പിച്ചുനല്‍കുന്നത് വീരപരിവേഷം. 'ദീദി ദീദി' വിളികള്‍ക്കിടയിലൂടെ വിജയ ചിഹ്നം ഉയര്‍ത്തിക്കാട്ടിയുള്ള മമതയുടെ മടക്കവും ശക്തമായ രാഷ്ട്രീയപ്പോരിന്‍റെ പ്രതീകമാക്കി മാറ്റുകയാണ് ടിഎംസി അണികള്‍. മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയും ഇതേ ബൂത്തിലാണ് വോട്ട് ചെയ്തത്.
ഏഴാം ഘട്ടത്തില്‍ അഞ്ച് ജില്ലകളിലായി 34 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം അഞ്ച് മണി വരെ 75.06 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. 37 വനിത സ്ഥാനാർഥികളുൾപ്പടെ 268 പേരാണ് മത്സരിക്കുന്നത്. 796 കമ്പനി കേന്ദ്രസേനയാണ് തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കുന്നത്. എട്ട് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം മാർച്ച് 27നാണ് തുടങ്ങിയത്. ഏപ്രിൽ 1,6,10,17,22 തിയ്യതികളിലായി അടുത്ത ഘട്ടങ്ങൾ നടന്നു. അവസാന ഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 29 ന് നടക്കും. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളാണ് മണ്ഡലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.