ഹൈദരാബാദ്: സംസ്ഥാനത്തെ കൊവിഡ് സ്ഥിതിയെക്കുറിച്ചും വാക്‌സിനേഷനെക്കുറിച്ചും അവലോകനം നടത്തി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. 20 ദിവസത്തിന് ശേഷം മുഖ്യമന്ത്രി പ്രഗതി ഭവനിൽ എത്തി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സി.എസ്. സോമേഷ്‌കുമാർ, മെഡിക്കൽ-ആരോഗ്യ സെക്രട്ടറി റിസ്വി, ഡി.എം.ഇ രമേശ് റെഡ്ഡി, ഡി.എച്ച്. ശ്രീനിവാസ റാവു എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.
സംസ്ഥാനത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിക്കില്ല
സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്‌ത മുഖ്യമന്ത്രി തെലങ്കാനയിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കില്ലെന്ന് അറിയിച്ചു. നിലവിൽ ലോക്ക്‌ഡൗൺ ചുമത്തിയിട്ടുള്ള സംസ്ഥാനങ്ങളിലൊന്നും കൊവിഡ് കേസുകൾ കുറയുന്ന സ്ഥിതി ഇല്ല. ലോക്ക്‌ഡൗൺ ഏർപ്പെടുത്തുന്നത് വഴി ജനജീവിതം സ്‌തംഭിക്കുമെന്നും സംസ്ഥാനത്തെ സമ്പദ്‌വ്യവസ്ഥ തകരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുമായി ചർച്ച നടത്തി കെസിആർ
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന് ആവശ്യവമായ റെംഡിസിവിർ, ഓക്‌സിജൻ, വാക്‌സിൻ എന്നിവ വിതരണം ചെയ്യുന്നതിനെ കുറിച്ച് പ്രധാനമന്ത്രിയുമായി ഫോണിൽ ചർച്ച നടത്തിയെന്ന് കെസിആർ അറിയിച്ചു. വിഷയത്തിൽ മോദിയുടെ നിർദേശപ്രകാരം കേന്ദ്രമന്ത്രി പീയൂഷ് ഗോയലുമായും അദ്ദേഹം സംസാരിച്ചു. ചർച്ചയുടെ ഫലമായി സംസ്ഥനത്ത് ഓക്‌സിജനും വാക്‌സിനും എത്രയും വേഗം എത്തിക്കുമെന്ന് ഗോയൽ അറിയിച്ചു. കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നാവും തെലങ്കാനയിലേക്ക് ഓക്‌സിജൻ വിതരണം ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്കുള്ള വാക്സിന്‍ വിതരണം ഇനിയും ആരംഭിക്കാതെ തെലങ്കാന