ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ മരണം ആറായി. അപകടത്തിൽ നാല്പതോളം പേരെ കാണാതായതായും എസ്‌ഡിആർഎഫിന്‍റെയും സൈന്യത്തിന്‍റെയും സഹായത്തോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ട്വിറ്ററിൽ കുറിച്ചു. ഹോന്‍സാർ ഗ്രാമത്തിൽ ഒമ്പത് വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം ആരംഭിച്ചതായി കിഷ്ത്വാർ ജില്ല ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് ജമ്മു കശ്മീർ ലഫ്‌റ്റനന്‍റ് ഗവർണറിന്‍റെ കാര്യാലയം ട്വിറ്ററിൽ കുറിച്ചു. മുതിർന്ന അധികാരികളോടും കിഷ്ത്വാർ ജില്ലാ ഭരണകൂടത്തോടും സംസാരിച്ചു. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും ജമ്മു കശ്മീർ ലഫ്‌റ്റനന്‍റ് ഗവർണറിന്‍റെ കാര്യാലയം അറിയിച്ചു. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു.
അതേസമയം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കശ്മീരിൽ കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. കൂടാതെ മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് എന്നിവയ്ക്കും സാധ്യതയുള്ളതായി അറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഐഎംഡി ഡയറക്ടർ സോനം ലോട്ടസ് പറഞ്ഞു
Also read: ഡല്‍ഹിയിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്