ലണ്ടന്‍ : ഇന്ത്യയിലും, പാകിസ്ഥാനിലും മൂന്ന് നൂറ്റാണ്ടുകള്‍ക്കിടയില്‍ മാത്രം അനുഭവപ്പെട്ടിരുന്ന അതിതീവ്ര താപനില മൂന്ന് വര്‍ഷങ്ങള്‍ ഇടവിട്ട് രേഖപ്പെടുത്താന്‍ സാധ്യതയുള്ളതായി പഠനം. കാലാവസ്ഥ വ്യതിയാനത്തില്‍ വന്ന മാറ്റം ഉഷ്‌ണ തരംഗം 100 മടങ്ങ് വര്‍ധിപ്പിച്ചിട്ടുണ്ട്. യുകെ മെറ്റ് ഓഫിസ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഭാവിയില്‍ ഇരു രാജ്യങ്ങളിലും കനത്ത ചൂട് അനുഭവിക്കേണ്ടിവരും.
1900-ന് ശേഷം തീവ്രമായ രീതിയില്‍ താപനില രേഖപ്പെടുത്തിയത് 2010 ഏപ്രില്‍, മെയ് മാസങ്ങളിലാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. പുറത്തുവന്ന കണക്കുകള്‍ പ്രകാരം 300 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൂടുതല്‍ ചൂട് അനുഭവപ്പെടുക എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥ വ്യതിയാനം മൂലം തീവ്രമായ അളവിലുള്ള ചൂട് ഓരോ 3.1 വര്‍ഷം ഇടവെട്ടും രേഖപ്പെടുത്തിയേക്കാമെന്നാണ് ഗവേഷകരുടെ അവകാശവാദം.
ഇത്തരത്തില്‍ രേഖപ്പെടുത്തുന്ന ചൂട് നൂറ്റാണ്ടിന്‍റെ അവസാനത്തോടെ 1.15 വര്‍ഷത്തിന്‍റെ ഇടവേളയില്‍ സംഭവിച്ചേക്കാമെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിലവിലെ ചൂടുതരംഗങ്ങള്‍ 2010 ലെ കണക്കിനെ മറികടക്കുമോ എന്നറിയാന്‍ ഈ മാസം അവസാനം വരെ കാത്തിരിക്കണം.
താപനില ശരാശരിയേക്കാള്‍ കൂടുതല്‍ : ഇന്ത്യയില്‍ ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ രേഖപ്പെടുത്തിയ ശരാശരി കൂടിയ താപനില 33.10 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. കഴിഞ്ഞ 122 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ് നിലവില്‍ രേഖപ്പെടുത്തിയത്. ഈ മാസത്തിലും ശരാശരിയെ അപേക്ഷിച്ച് കൂടുതല്‍ ചൂടാണ് ഇന്ത്യയില്‍ അനുഭവപ്പെടുന്നത്.
നിലവില്‍ ഇന്ത്യയില്‍ ഏപ്രിലിലെ ശരാശരി താപനില 35.30 ഡിഗ്രി സെല്‍ഷ്യസാണ്. 2010 ല്‍ 35.42 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. 2016-ല്‍ 35.32 താപനില ഇന്ത്യയില്‍ അനുഭവപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയിലേയും, പാകിസ്ഥാനിലെയും ചില മേഖലകളില്‍ 50 ഡിഗ്രിക്ക് മുകളില്‍ ചൂട് രേഖപ്പെടുത്തി. അതിനുപിന്നാലെ പല സ്ഥലങ്ങളിലും ചൂട് കുറഞ്ഞിരുന്നു. എന്നാല്‍ ചില പ്രദേശങ്ങളിലെ താപനില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മെറ്റ് ഓഫിസ് അധികൃതര്‍ വ്യക്തമാക്കിയത്.