ജുനാഗഡ്: അനധികൃത നിര്‍മാണം ആരോപിച്ച് ദര്‍ഗ പൊളിച്ചുമാറ്റാന്‍ നോട്ടിസ് നല്‍കിയ സംഭവത്തില്‍ ഗുജറാത്തിലെ ജുനാഗഡില്‍ സംഘര്‍ഷം. പൊലീസും മതവിശ്വാസികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. മജേവാഡി ഗെയിറ്റിലുള്ള ദര്‍ഗയുടെ നിര്‍മാണത്തിലാണ് അപാകതകള്‍ ആരോപിച്ച് അധികൃതര്‍ നോട്ടിസ് നല്‍കിയത്.
വെള്ളിയാഴ്‌ച നിയമവിരുദ്ധമായി നിര്‍മിച്ച കെട്ടിടം ഒഴിപ്പിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി പൗരസമിതി എത്തിയപ്പോഴാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ദര്‍ഗ നിര്‍മിച്ച ഭൂമിയുടെ ഉടമസ്ഥാവകാശവും കെട്ടിട നിര്‍മാണ അനുമതിയുമായി ബന്ധപ്പെട്ട മറ്റ് രേഖകളും ഹാജരാക്കാന്‍ ജുനഗഡ് മുന്‍സിപ്പാലിറ്റി ആവശ്യപ്പെട്ടിരുന്നു. അഞ്ച് ദിവസത്തിനകം കെട്ടിടവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നായിരുന്നു നോട്ടിസിലെ ആവശ്യം.
നോട്ടിസ് നല്‍കിയിട്ടും പ്രതികരണമില്ലാതെ ദര്‍ഗ അധികൃതര്‍: എന്നാല്‍, കാലാവധി കഴിഞ്ഞിട്ടും ദര്‍ഗ അധികൃതരില്‍ നിന്ന് യാതൊരു വിധ പ്രതികരണവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് മുന്‍സിപ്പാലിറ്റി നടപടികളുമായി മുന്നോട്ട് നീങ്ങിയത്. കെട്ടിടം പൊളിക്കുന്നതിനായി പൗരസമിതി സ്ഥലത്തെത്തുന്നുവെന്ന് നേരത്തെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആളുകള്‍ സ്ഥലത്ത് സംഘടിക്കുകയായിരുന്നു. ഏകദേശം 600 പേരായിരുന്നു പ്രതിഷേധത്തിനായി സ്ഥലത്ത് ഒത്തുകൂടിയത്.
പൊലീസ് പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിഷേധക്കാരില്‍ ചിലര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. സാഹചര്യം വഷളായപ്പോള്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. കൂടാതെ പൊലീസിന്‍റെ വാഹനത്തിന് നേരെ പ്രതിഷേധക്കാര്‍ തീയിട്ടു.
ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു: പൗരസമിതി നല്‍കിയ നോട്ടിസിന് മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ കെട്ടിടം പൊളിച്ചുമാറ്റുന്നതിനായി പൗരസമിതി സ്ഥലത്തെത്തിയപ്പോള്‍ ഏകദേശം 600ല്‍ പരം ആളുകള്‍ സ്ഥലത്ത് തടിച്ചു കൂടി പ്രതിഷേധിക്കുകയായിരുന്നു. റോഡ് ഉപരോധിക്കരുതെന്ന് പൊലീസ് അവരോട് ആവശ്യപ്പെട്ടിരുന്നു. രാത്രി ഏകദേശം 10.15ഓടെയായിരുന്നു പൊലീസിന് നേരെ കല്ലേറുണ്ടായത്.
ജനക്കൂട്ടം പിരിഞ്ഞുപോകുന്നതിനായി പൊലീസിന് ലാത്തി ചാര്‍ജ് പ്രയോഗിക്കേണ്ടതായി വന്നു. സംഭവത്തെ തുടര്‍ന്ന് ഏതാനും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. 174 പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.
ആക്രമണത്തില്‍ ഒരാള്‍ മരണപ്പെട്ടു. മരണപ്പെട്ട വ്യക്തിയുടെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മാത്രമെ മരണത്തിന്‍റെ യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളുവെന്ന് എസ് പി രവി തേജ വസംസെട്ടി പറഞ്ഞു.
സംഘര്‍ഷ ഭൂമിയായി ബംഗാള്‍: അതേസമയം, ജൂലൈ മൂന്നിന് നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുവാനുള്ള അവസാന ദിനത്തിലും പശ്ചിമ ബംഗാളില്‍ സംഘര്‍ഷം തുടരുകയാണ്. കഴിഞ്ഞ ദിവസം സൗത്ത് 24 പരാഗനാസിലെ ഭംഗറില്‍ നിന്ന് ഏഴ് ബാഗുകള്‍ നിറയെ ക്രൂഡ് ബോംബുകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഗവര്‍ണര്‍ സി വി ആനന്ദബോസ് കഴിഞ്ഞ ദിവസം പരാഗനാസിലെത്തിയിരുന്നു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സംസ്ഥാനത്ത് കേന്ദ്ര സേനയെ വിന്യസിക്കുവാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് പരാഗനാസില്‍ നിന്നും ക്രൂഡ് ബോംബുകള്‍ പിടികൂടിയത്. ഇത്തരമൊരു സാഹചര്യം തൃണമൂല്‍ സര്‍ക്കാരിനെതിരെ പരമാവധി അമ്പുകള്‍ എയ്യുവാന്‍ പ്രതിപക്ഷ പാര്‍ട്ടിയായ ബിജെപിയ്‌ക്ക് ഒരവസരം നല്‍കി എന്നതില്‍ സംശയമില്ല.
എന്നാല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്ര സേനയെ വിന്യസിക്കുവാനുള്ള കോടതി ഉത്തരവിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നു. ക്രൂഡ് ബോംബുകള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് സ്ഥലത്ത് ബോംബ് സ്‌ക്വാഡെത്തി പരിശോധനകള്‍ നടത്തിയിരുന്നു.