റാഞ്ചി (ജാർഖണ്ഡ്): മാധ്യമ വിചാരണയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. പരിചയ സമ്പന്നരായ ജഡ്‌ജിമാർക്കു പോലും തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങളിൽ മാധ്യമങ്ങൾ കങ്കാരു കോടതികൾ സംഘടിപ്പിക്കുകയാണെന്ന് എൻ.വി രമണ വിമർശിച്ചു.
നീതി നിർവഹണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തെറ്റായ വിവരം നൽകുന്നതും അജണ്ട അടിസ്ഥാനമാക്കിയുള്ളതുമായ സംവാദങ്ങൾ ജനാധിപത്യത്തിന് ഹാനികരമാണ്. ഉത്തരവാദിത്തങ്ങൾ മറികടന്നും ലംഘിച്ചും മാധ്യമങ്ങൾ ജനാധിപത്യത്തെ രണ്ടടി പിന്നിലേക്ക് കൊണ്ടുപോകുകയാണ്. അച്ചടി മാധ്യമങ്ങൾ ഇപ്പോഴും ഒരു പരിധി വരെ ഉത്തരവാദിത്തത്തോടെ പെരുമാറുന്നുണ്ട്. എന്നാൽ ഇലക്‌ട്രോണിക് മാധ്യമങ്ങൾ യാതൊരു വിധത്തിലുള്ള ഉത്തരവാദിത്തവും കാണിക്കുന്നില്ല എന്നും ചീഫ് ജസ്റ്റിസ് വിമർശിച്ചു.
രാഷ്‌ട്രീയക്കാർ, ഉദ്യോഗസ്ഥർ, പൊലീസുകാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർക്ക് അവരുടെ ജോലിയുടെ സ്വഭാവം കണക്കിലെടുത്ത് വിരമിച്ച ശേഷവും സുരക്ഷ നൽകാറുണ്ട്. എന്നാൽ വിരോധാഭാസം എന്ന് പറയട്ടെ, ജഡ്‌ജിമാർക്ക് അത്തരത്തിലുള്ള ഒരു സംരക്ഷണവും നൽകാറില്ല. കൊടും ക്രിമിനലുകളെ ജയിലില്‍ അടയ്‌ക്കുന്ന ജഡ്‌ജിമാർക്ക് ഒരു സംരക്ഷണവും ലഭിക്കുന്നില്ല. ജഡ്‌ജിമാർക്കെതിരെ ആക്രമണങ്ങൾ വർധിച്ചുവരികയാണെന്നും എൻ.വി രമണ പറഞ്ഞു. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടന്ന ജസ്റ്റിസ് എസ്.ബി സിന്‍ഹ അനുസ്‌മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.