ശ്രീനഗര്‍ : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ നാടുവിടാനൊരുങ്ങി നിരവധി കശ്‌മീരി പണ്ഡിറ്റുകള്‍. ഭീകരര്‍ ഹിറ്റ് ലിസ്റ്റുണ്ടാക്കിയിട്ടുണ്ടെന്നും ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയുമാണെന്നും കിംവദന്തി പരന്നതോടെയാണ് കശ്‌മീര്‍ വിടാന്‍ പല പണ്ഡിറ്റ് കുടുംബങ്ങളും തയ്യാറെടുക്കുന്നത്.
ബുദ്‌ഗാം, മധ്യ കശ്‌മീര്‍ എന്നിവിടങ്ങളില്‍ താമസിയ്ക്കുന്നവരാണ് പ്രദേശം വിടുന്നത്. നിലവിലെ സാഹചര്യത്തില്‍ ഭീതിയുണ്ടെന്നും അതിനാല്‍ ജമ്മുവിലേയ്ക്ക് മാറുകയാണെന്നും ചിലര്‍ വെളിപ്പെടുത്തി. സുരക്ഷ സംബന്ധിച്ച് അധികൃതരുടെ ഉറപ്പ് ലഭിച്ചിട്ടുണ്ടെങ്കിലും ഭീതി പൂര്‍ണമായും അകന്നിട്ടില്ലെന്നും ചില കശ്‌മീരി പണ്ഡിറ്റുകള്‍ പറയുന്നു.
Also read: കശ്‌മീർ തീവ്രവാദി ആക്രമണം : ലഫ്റ്റനന്‍റ് ഗവർണര്‍ അമിത് ഷായെ കാണും
അതേസമയം, കശ്‌മീരില്‍ നിന്ന് എവിടേയ്ക്കും പോകുന്നില്ലെന്നും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നിലവിലെ സാഹചര്യം ശാന്തമാകുമെന്നും മറ്റുചിലര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് സ്‌കൂള്‍ അധ്യാപകര്‍ ഉള്‍പ്പെടെ അഞ്ച് പേരെ ഭീകരര്‍ വധിച്ചിരുന്നു. സുപീന്ദര്‍ കൗര്‍, ദീപക് ചന്ദ്, മഖന്‍ ലാല്‍, മുഹമ്മദ് ഷാഫി, വിരേന്ദ്രര്‍ പസ്വാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ബുദ്‌ഗാമിലെ ഷെയ്‌ഖ്‌പോറയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. പുറത്തുനിന്ന് പ്രവേശിയ്ക്കുന്നവരെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. വെള്ളിയാഴ്‌ച ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തിയിരുന്നു. സുരക്ഷയുടെ ഭാഗമായി പ്രദേശത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.