ഗാസിയാബാദ് : ഒരിടവേളയ്ക്കുശേഷം ഉത്തർപ്രദേശിൽ വീണ്ടും സ്ഥലപ്പേര് മാറ്റൽ. ഡൽഹി എൻ സി ആറിന്‍റെ ഭാഗമായ ഗാസിയാബാദിന്‍റെ പേരാകും മാറ്റുക. ഗാസിയാബാദിനെ പുനർനാമകരണം ചെയ്യാനുള്ള നിർദേശം ഗാസിയാബാദ് മുൻസിപ്പൽ കോർപറേഷനില്‍ ഭൂരിപക്ഷത്തോടെ പാസാക്കി. ബിജെപി കൗൺസിലർ സഞ്ജയ് സിങ് ഇതിനുള്ള പ്രമേയം കോർപറേഷൻ യോഗത്തിൽ അവതരിപ്പിച്ചു. രണ്ടുപേർ മാത്രമാണ് പേരുമാറ്റത്തെ എതിർത്ത് വോട്ട് ചെയ്‌തത് (Civic Body Clears Proposal to Rename Ghaziabad).
ഗജ് പ്രസ്ഥ, ദൂധേശ്വർ നാഥ് നഗർ, ഹർനന്ദിപുരം എന്നീ മൂന്ന് പേരുകളാണ് പരിഗണനയിലുള്ളത്. കോർപ്പറേഷനിൽ അംഗീകാരം ലഭിച്ചതോടെ ഈ പേരുകൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയക്കുമെന്ന് മേയർ സുനിത ദയാൽ പറഞ്ഞു. ജില്ലയുടെ പേര് മാറ്റണമെന്ന് നിരവധി ആളുകൾ ആവശ്യപ്പെടുന്നുണ്ട്. പേര് സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതാകുമെന്നും മേയർ പറഞ്ഞു. പേരുമാറ്റത്തിന് കേന്ദ്ര അനുമതി കൂടി ആവശ്യമാണ്. (Ghaziabad New Name).
ഗാസിയാബാദിലെ ദൂധേശ്വർ നാഥ് ക്ഷേത്രത്തിലെ പ്രധാന പൂജാരി മഹന്ത് നാരായൺ ഗിരി കഴിഞ്ഞ മാസം മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ പെരുമാറ്റ ആവശ്യം ഉന്നയിച്ചിരുന്നു. പേര് മാറ്റാനുള്ള അഭ്യർഥന പരിഗണിക്കാമെന്ന് മുഖ്യമന്ത്രി തനിക്ക് ഉറപ്പ് നൽകിയതായി നാരായൺ ഗിരി പറഞ്ഞു.
"പണ്ട് ഗാസിയാബാദ് ഗജ് പ്രസ്ഥ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മുഗൾ ചക്രവർത്തി അക്ബറിന്‍റെ ഭാര്യാസഹോദരൻ ഗസുദ്ദീൻ അതിനെ ഗാസിയാബാദ് എന്ന് പുനർനാമകരണം ചെയ്‌തു. ഈ നഗരത്തിന്‍റെ പേര് ഗജ് പ്രസ്ഥ, ദൂധേശ്വർ നാഥ് നഗർ, അല്ലെങ്കിൽ ഹർനന്ദിപുരം എന്നാക്കി മാറ്റണമെന്നായിരുന്നു ഞങ്ങളുടെ ആദ്യത്തെ ആവശ്യം. ഞങ്ങൾ മുഖ്യമന്ത്രിയുമായി സംസാരിക്കുകയും ഈ മൂന്ന് പേരുകൾ നിർദേശിക്കുകയും ചെയ്‌തു. വിഷയം പരിഗണിക്കാമെന്ന് അദ്ദേഹം ഞങ്ങൾക്ക് ഉറപ്പ് നൽകി." മഹന്ത് നാരായൺ ഗിരി പറഞ്ഞു (Ghaziabad Old Name).
കൊളോണിയൽ ടാഗ് അല്ലെങ്കിൽ അടിമത്തത്തിന്‍റെ പാരമ്പര്യം വഹിക്കുന്ന പേരുകൾ സ്വാതന്ത്ര്യാനന്തരം നിലനിൽക്കരുതെന്നും പൂജാരി ചൂണ്ടിക്കാട്ടി. ഗാസിയാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ഈ നിർദേശം പാസാക്കിയത് ഭാഗ്യമായി കരുതുന്നു. യോഗിജി നഗരത്തിന് പഴയ കാലത്തിന്‍റെ പ്രതാപം വീണ്ടെടുക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും നാരായൺ ഗിരി കൂട്ടിച്ചേർത്തു (Ghaziabad).
ഇന്നത്തെ ഗാസിയാബാദ് മഹാഭാരത കാലത്തെ ഹസ്‌തിനപുരത്തിന്‍റെ ഭാഗമായിരുന്നു എന്നാണ് അവകാശവാദം. ആനകള്‍ വസിച്ചിരുന്ന ഇടതൂര്‍ന്ന വനമായിരുന്നു ഈ പ്രദേശം. ഹിന്ദിയില്‍ 'ഗജ്' എന്നാണ് ആനകളെ പറയുന്നത്. അതിനാലാണ് ഗാസിയാബാദിനെ ഗജ് പ്രസ്ഥ എന്ന് വിളിച്ചിരുന്നതെന്നും പറയപ്പെടുന്നു.