വിജയവാഡ (ആന്ധ്രാപ്രദേശ്) : നൈപുണ്യ വികസന കോര്‍പറേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് തെലുങ്കു ദേശം പാര്‍ട്ടി (TDP) അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡുവിനെ (AP former CM Chandrababu Naidu) കോടതിയില്‍ ഹാജരാക്കി (CID produces Chandrababu Naidu Before ACB court). അറസ്റ്റ് ചെയ്‌ത് 24 മണിക്കൂറിനുള്ളില്‍ ചന്ദ്രബാബു നായിഡുവിനെ വിജയവാഡയിലെ അഴിമതി വിരുദ്ധ ബ്യൂറോ (Anti-Corruption Bureau) കോടതിയില്‍ ഹാജരാക്കിയതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നേരത്തെ അദ്ദേഹത്തെ മെഡിക്കല്‍ പരിശോധനകള്‍ക്കായി വിജയവാഡ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
പരിശോധനയ്‌ക്ക് ശേഷം എസ്‌ഐടി ഓഫിസിലേക്ക് തിരികെ കൊണ്ടുപോയി. അഴിമതി ആരോപണ കേസില്‍ ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് (CID) ശനിയാഴ്‌ച (സെപ്‌റ്റംബര്‍ 9) ആണ് ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്‌തത് (Chandrababu Naidu Corruption case). അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റ്. ആന്ധ്ര സ്‌കില്‍ ഡെവലപ്പ്‌മെന്‍റ് കോര്‍പറേഷനുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി 250 കോടിയുടെ അഴിമതി നടത്തിയെന്നാണ് കേസ് (AP Skill Development Case). പദ്ധതിക്കായി 3,350 കോടിയുടെ കരാറായിരുന്നു സര്‍ക്കാര്‍ 2015ല്‍ ജര്‍മന്‍ കമ്പനിയുമായി ഒപ്പിട്ടത്. ഈ തുകയില്‍ നിന്നും ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിലുള്ള ഭരണകൂടം തുക വകമാറ്റിയെന്നാണ് ആരോപണം.
നന്ദ്യാല്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റും ചേര്‍ന്ന് നാടകീയ നീക്കങ്ങൾക്കൊടുവിലായിരുന്നു ചന്ദ്രബാബു നായിഡുവിനെ കസ്റ്റഡിയിൽ എടുത്തത്. അന്വേഷണ സംഘം എത്തിയ സമയം ആര്‍കെ ഹാളിന് പുറത്ത് തന്‍റെ കാരവാനില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റില്‍ പാര്‍ട്ടി പ്രവര്‍ത്തകർ പ്രതിഷേധം അറിയിച്ചിരുന്നു. ചന്ദ്രബാബു നായിഡുവിനെ കസ്റ്റഡിയിൽ എടുക്കാന്‍ അന്വേഷണസംഘം എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ കാരവാന് പുറത്ത് തടിച്ചുകൂടി പ്രതിഷേധിച്ചു.
ചന്ദ്രബാബു നായിഡുവിനെ (N Chandrababu Naidu) അറസ്റ്റ് ചെയ്‌തതിനെ അപലപിച്ച് പ്രമുഖ പാര്‍ട്ടി നേതാക്കളും രംഗത്തു വന്നിരുന്നു. ജനസേന നേതാവും നടനുമായ പവൻ കല്യാൺ, ബിജെപി ആന്ധ്രാപ്രദേശ് അധ്യക്ഷയും മുൻ കേന്ദ്രമന്ത്രിയുമായ ദഗ്ഗുബതി പുരന്ദേശ്വരി, സിപിഐ സെക്രട്ടറി കെ രാമകൃഷ്‌ണ എന്നിവരാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.