ന്യൂഡൽഹി: എൻഎസ്‌ഇയുടെ മുൻ എംഡി ചിത്ര രാമകൃഷ്‌ണ എൻഎസ്ഇയുടെ അതീവ പ്രാധാന്യമുള്ള വിവരങ്ങൾ പങ്കുവയ്ക്കുകയും ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്‌ത 'ഹിമാലയൻ യോഗി' എൻഎസ്‌ഇയുടെ മുൻ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസർ ആനന്ദ് സുബ്രഹ്മണ്യൻ ആണെന്നതിന്‍റെ കൂടുതൽ തെളിവുകൾ സിബിഐക്ക് ലഭിച്ചു. സുബ്രഹ്മണ്യന്‍റെ മൊബൈൽ പ്രവർത്തിച്ചിട്ടുള്ള ലൊക്കേഷനുകൾ ശേഖരിച്ചതിൽ നിന്നും അവ സുബ്രഹ്മണ്യന്‍റെ ചെന്നൈയിലെ വസതിയിൽ നിന്നാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
ചില ഇലക്‌ട്രോണിക് ഉപകരണങ്ങളും തെളിവുകളായി കണ്ടെത്തിയിരുന്നു. ഹിമാലയൻ യോഗി എന്ന പേരിൽ ചിത്ര രാമകൃഷ്‌ണക്ക് മെയിലുകൾ അയക്കുന്നതിന് മുൻപ് അവ സുബ്രഹ്മണ്യൻ എഡിറ്റ് ചെയ്‌തിരുന്നതായി സംശയിക്കുന്നുവെന്നും അദ്ദേഹത്തിന്‍റെ മൊഴി രേഖപ്പെടുത്തി വരികയാണെന്നും സിബിഐ വ്യക്തമാക്കി. യോഗിക്ക് അയച്ച ഇമെയിലുകൾ സുബ്രഹ്മണ്യന് ലഭ്യമാകുമെന്നതിനാല്‍ സുബ്രഹ്മണ്യൻ തന്നെയാണ് യോഗിയെന്ന് സംശയിക്കുന്നുവെന്ന് സിബിഐ പറയുന്നു. എന്നാൽ അന്വേഷണ ഏജൻസി ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ സുബ്രഹ്മണ്യനെ ഡൽഹി ഹൈക്കോടതി മാർച്ച് 6 വരെ സിബിഐ കസ്റ്റഡിയിൽ വിട്ടു. പിടിച്ചെടുത്ത സാധനങ്ങളിൽ അദ്ദേഹത്തിനുള്ള പങ്കും കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെയും കണ്ടെത്തുന്നതിനായി സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. ചെന്നൈയിൽ വച്ച് അദ്ദേഹത്തെ മൂന്ന് ദിവസം ചോദ്യം ചെയ്‌തുവെങ്കിലും ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം ലഭിച്ചിരുന്നില്ല.
എൻഎസ്ഇയുടെ മുൻ എംഡിയും സിഇഒയുമായിരുന്ന ചിത്ര രാമകൃഷ്‌ണയാണ് ആനന്ദ് സുബ്രഹ്മണ്യനെ എൻഎസ്ഇയിലേക്ക് കൊണ്ടുവന്നത്. യോഗിക്ക് മെയിലുകളയച്ച മെയിൽ ഐഡി സുബ്രഹ്മണ്യന് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. സിബിഐയുടെ മറ്റൊരു സംഘം മുംബൈയിലെ സെബി ഓഫിസിൽ തെരച്ചിൽ നടത്തുകയും ചില രേഖകളും തെളിവുകളും കണ്ടെടുത്തുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
കേസിൽ ഉൾപ്പെട്ട പ്രതികൾ ഉന്നയിക്കുന്ന നുണകൾ തെളിയിക്കുന്നതിനാവശ്യമായ നിർണായക തെളിവുകളും രേഖകളുമാണിവ. പ്രതികൾക്കെതിരെ പഴുതുകളടച്ചുള്ള കേസന്വേഷണമാണ് സിബിഐ നടത്തുന്നത്. കേസ് കോടതിയിൽ പോകുമ്പോൾ തെളിയിക്കാൻ ഈ തെളിവുകൾ പ്രോസിക്യൂഷനെ സഹായിക്കുമെന്നും സിബിഐ പറയുന്നു.
ചിത്ര രാമകൃഷ്‌ണനു മുൻപ് എൻഎസ്ഇ എംഡി ആയിരുന്ന രവി നരേനെതിരെ ഫെബ്രുവരി 19ന് സിബിഐ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ പങ്കു ചേരാനും സിബിഐ നരേനോട് ആവശ്യപ്പെട്ടു. ഈയിടെ മുംബൈയിൽ ചിത്രയെ ചോദ്യം ചെയ്യുകയും യോഗിയുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടുകയും ചെയ്തിരുന്നു. എന്നാൽ തനിക്ക് കൂടുതൽ ഒന്നുമറിയില്ലെന്നും താൻ നിരപരാധിയാണെന്നും ആരോ തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നുമാണ് ചിത്ര അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
ചിത്ര രാമകൃഷ്‌ണ, ആനന്ദ് സുബ്രഹ്മണ്യൻ, രവി നരേൻ എന്നിവർ രാജ്യം വിടാൻ സാധ്യതയുള്ളതിനാൽ അവർക്കെതിരെ സിബിഐ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഹിമാലയൻ യോഗിക്ക് ആഭ്യന്തര രഹസ്യങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് സെബിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ഫെബ്രുവരി 17ന് ചിത്രയുടെ മുംബൈയിലും ചെന്നൈയിലും ഉള്ള വസതികളിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.