ഇറ്റാനഗര്‍ (അരുണാചല്‍പ്രദേശ്): അതിര്‍ത്തി സംരക്ഷിക്കാനായി കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വം. ഡിസംബര്‍ ഒമ്പതിന് ചൈനീസ് സേനയുടെ അധിനിവേശത്തെ പ്രതിരോധിച്ച ഇന്ത്യന്‍ സൈനികരെ തങ്ങള്‍ പ്രശംസിക്കുന്നതായും അവര്‍ വ്യക്തമാക്കി.
"അതിര്‍ത്തി സംരക്ഷിക്കുകയും നമ്മുടെ ഒരിഞ്ച് ഭൂമിപോലും കവര്‍ന്നെടുക്കാന്‍ ചൈനീസ് സേനയെ അനുവദിക്കാതിരിക്കുകയും ചെയ്‌ത നമ്മുടെ സൈനികരില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. എന്നാല്‍ ചൈനയുടെ അധിനിവേശത്തില്‍ നിന്നും അരുണാചല്‍പ്രദേശിനെ സംരക്ഷിക്കാനായി കേന്ദ്രസര്‍ക്കാര്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്", അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റ് ബോസിറാം സിറാം ഇടിവി ഭാരതിനോട് പറഞ്ഞു.
ചൈനീസ് കടന്നുകയറ്റം നേരിടുന്നതിന് കേന്ദ്രസര്‍ക്കാര്‍ വേണ്ടത്ര കാര്യങ്ങള്‍ ചെയ്യുന്നില്ല എന്ന് ബോസിറാം ആരോപിച്ചു. ചൈനയുടെ അതിര്‍ത്തി ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നത് ഇതുകൊണ്ടാണ്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ചൈനയുടെ കടന്നുകയറ്റത്തില്‍ ജാഗരൂഗരാണ്. ബിജെപി സര്‍ക്കാരും കടന്നുകയറ്റം നേരിടാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
എന്നാല്‍ ചില കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുകയാണ്. കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന പല സംവിധാനങ്ങളും പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്നതിന് പര്യാപ്‌തമല്ല. ചൈനയുടെ കടന്നുകയറ്റം നേരിടുന്നതിനായി പുതിയ തന്ത്രം ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"തദ്ദേശീയരെ ചൈനീസ് സൈന്യം ബുദ്ധിമുട്ടിക്കുന്നു": ഡിസംബര്‍ ഒമ്പതിന് തവാങ്ങില്‍ ചൈനയുടെ കടന്നുകയറ്റ ശ്രമം ഉണ്ടായതിന്‍റെ പശ്ചാത്തലത്തിലാണ് ബോസിറാം സിറാമിന്‍റെ പ്രസ്‌താവന. അരുണാചല്‍ പ്രദേശില്‍ ചൈനീസ് സൈനികരുടെ അതിര്‍ത്തി കടന്നുകയറ്റങ്ങളും ഇന്ത്യന്‍ പൗരന്‍മാരെ തട്ടികൊണ്ട് പോകുന്നതും നിരന്തരം ആവര്‍ത്തിക്കുന്ന കാര്യങ്ങളാണെന്ന് ബോസിറാം പറഞ്ഞു. സമഗ്രമായ അര്‍ഥത്തില്‍ കടന്നുകയറ്റത്തെ അഭിമുഖീകരിച്ചാല്‍ മാത്രമെ ഈ പ്രശ്‌നത്തിന് പരിഹാരമാകുകയുള്ളൂ.
തദ്ദേശീയരെ ഉപദ്രവിക്കുക എന്നുള്ളതാണ് ചൈനീസ് സൈന്യത്തിന്‍റെ ലക്ഷ്യം. ഇതൊരു സൈനിക അടവായിട്ടാണ് അവര്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ട് തദ്ദേശീയരെയാണ് അവര്‍ തട്ടികൊണ്ട് പോയത്. ഇന്ത്യന്‍ സൈന്യം ഇടപ്പെട്ടതിനെ തുടര്‍ന്നാണ് അവരെ വിട്ടയച്ചത്.
അതിര്‍ത്തി പ്രദേശത്ത് ഭക്ഷ്യവിഭവങ്ങളും മറ്റും ശേഖരിക്കാന്‍ പോകുമ്പോള്‍ ചൈനീസ് സൈന്യം തട്ടിക്കൊണ്ട് പോകുമോ എന്ന ഭയം തദ്ദേശീയരെ അലട്ടുകയാണ്. അതേസമയം തന്നെ തദ്ദേശീയര്‍ ചൈനീസ് സൈന്യം അതിര്‍ത്തി മുറിച്ച് കടക്കുന്നുണ്ടോ എന്ന് നീരിക്ഷിക്കുകയും ചെയ്യുന്നു.
തവാങ്ങിലെ ചൈനയുടെ കടന്നുകയറ്റ ശ്രമം ഒറ്റപ്പെട്ട സംഭവമല്ല. ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഭാവിയില്‍ ഇത് വീണ്ടും ആവര്‍ത്തിക്കും. തവാങ്ങില്‍ ഇപ്പോള്‍ അതിശൈത്യമാണ്. ഇതിനെ മുതലെടുക്കുകയാണ് ചൈന ചെയ്യുന്നതെന്നും ബോസിറാം പറഞ്ഞു.
1959ല്‍ ഇന്ത്യയില്‍ അഭയം തേടാനായി തവാങ് വഴിയാണ് ദലൈലാമ വന്നത്. ചൈനയെ കൂടാതെ ഭൂട്ടാന്‍, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങളുമായും അരുണാചല്‍ പ്രദേശില്‍ ഇന്ത്യയ്‌ക്ക് അതിര്‍ത്തിയുണ്ട്. എന്നാല്‍ അരുണാചലിലെ തദ്ദേശീയരെ ബുദ്ധിമുട്ടിക്കുന്നത് ചൈന മാത്രമാണ് എന്ന് ബോസിറാം പറഞ്ഞു. അരുണാചല്‍പ്രദേശിനെ തങ്ങളുടെ ഭാഗമാക്കാനാണ് ചൈനയുടെ ശ്രമം. അരുണാചല്‍ പ്രദേശ് ഒരുകാലത്തും ചൈനയുടെ ഭാഗമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.