ന്യൂഡൽഹി: ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. ഡാക്കിലെ ഗാൽവാൻ താഴ്‌വരയിലെ അതിർത്തി തർക്കത്തിന് ശേഷം ചൈനയിൽ നിന്നുള്ള ആദ്യത്തെ ഉന്നത സന്ദർശനമാണിത്. വാങിന്‍റെ ഇന്ത്യ സന്ദർശനം സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ ഡൽഹിയിലെ ചൈനീസ് എംബസിയോ വിദേശകാര്യ മന്ത്രാലയമോ ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ പുനരാരംഭിക്കുകയും വർഷാവസാനം ബെയ്‌ജിങ്ങിൽ നടക്കുന്ന ബ്രിക്‌സ് മീറ്റിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുകയുമാണ് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ സന്ദർശനത്തിന്‍റെ പ്രധാന ലക്ഷ്യം. ഇരുരാജ്യങ്ങളും തമ്മിൽ പല തവണ സൈനിക, നയതന്ത്ര ചർച്ചകൾ നടത്തിയെങ്കിലും ഫലം കാണാത്തതിനാൽ അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം ഇപ്പോഴും തുടരുകയാണ്.
ഇന്ത്യയും ചൈനയും തമ്മിലുള്ള കോർപ്‌സ് കമാൻഡർ തലത്തിലുള്ള 15-ാം ഘട്ട ചർച്ചകൾ 2022 മാർച്ച് 11ന് ഇന്ത്യയിലെ ചുഷുൽ-മോൾഡോ അതിർത്തി മീറ്റിങ്ങ് പോയിന്‍റിൽ നടന്നിരുന്നു. ചർച്ചയിൽ പടിഞ്ഞാറൻ മേഖലയിലെ യഥാർഥ നിയന്ത്രണ രേഖയിൽ സുരക്ഷയും സമാധാനവും നിലനിർത്താൻ ഇരുരാജ്യങ്ങളും സമ്മതിച്ചതായി ഇന്ത്യൻ കരസേന വക്താവ് അറിയിച്ചു.
തർക്കങ്ങൾ പരിഹരിക്കുന്നതിനായി കിഴക്കൻ ലഡാക്ക് മേഖലയിലെ യഥാർഥ നിയന്ത്രണ രേഖയെ സംബന്ധിച്ച് ഇന്ത്യയും ചൈനയും ചർച്ചകൾ നടത്തിവരികയാണ്. ഇന്ത്യ-ചൈന ബന്ധം വളരെ ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിർത്തിയിലെ സമാധാനമാണ് നല്ല ഉഭയകക്ഷി ബന്ധത്തിന്‍റെ അടിസ്ഥാനമെന്ന് ചൈനയോട് ഇന്ത്യ വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്.
Also Read: കെഎസ്ആർടിസി ഡീസൽ വില വർധന; സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍