കൗശാമ്പി (ഉത്തർപ്രദേശ്) : വിഷം കലർന്ന മിഠായി കഴിച്ച് ഏഴുവയസുകാരി മരിച്ചു (Minor girl die after consuming poisonous toffee). ഉത്തർപ്രദേശിലെ (Uttar pradesh) കൗശാമ്പിയിലാണ് (Kaushambi) സംഭവം. ഈ കുട്ടിയോടൊപ്പം ഇതേ ഈ മിഠായി കഴിച്ച രണ്ട് കുട്ടികൾ കഴിഞ്ഞ വ്യാഴാഴ്‌ച മരണപ്പെട്ടിരുന്നു.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ് വിഷം കലർന്ന മിഠായി (poisonous candy) കഴിച്ചതിനെ തുടർന്ന് അഞ്ച് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെയാണ് ഏഴുവയസുകാരി മരണത്തിന് കീഴടങ്ങിയത്. ഈ കുട്ടിയുടെ സഹോദരിമാരായ ഏഴുവയസുകാരിയും നാല് വയസുകാരിയുമാണ് കഴിഞ്ഞ വ്യാഴാഴ്‌ച മരിച്ചത്.
ഇവരുടെ വീടിന് സമീപത്ത് താമസിക്കുന്ന മറ്റ് രണ്ട് കുട്ടികളും ഇതേ മിഠായി കഴിച്ച് ചികിത്സയിലാണ്. 'ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഏഴുവയസുകാരി മരിച്ചത്. കുട്ടികളുടെ മാതാപിതാക്കൾ സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്' -പൊലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാർ ശ്രീവാസ്‌തവ പറഞ്ഞു. പരാതിയിൽ അയൽവാസിയായ ശിവശങ്കറാണ് പെൺകുട്ടികൾക്ക് വിഷം കലർത്തിയ മിഠായി നൽകിയതെന്നും പൊലീസ് പറയുന്നത്.
എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ വെള്ളിയാഴ്‌ച അറസ്റ്റ് ചെയ്‌തുവെന്നും എസ്‌പി പറഞ്ഞു. മരിച്ച പെൺകുട്ടികളുടെ രക്ഷിതാക്കളോട് പ്രതിക്ക് വ്യക്തിപരമായി ചില വൈരാഗ്യമുണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം. പ്രതികാരം ചെയ്യാനായാണ് വിഷം കലർത്തിയ മിഠായി ഇയാൾ കുട്ടികൾക്ക് നൽകിയതെന്നും പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് സൂപ്രണ്ട് കൂട്ടിച്ചേർത്തു.
വിഷം കലർന്ന ഐസ്ക്രീം കഴിച്ച് കുട്ടി മരിച്ചു : വിഷം കലർന്ന ഐസ്ക്രീം കഴിച്ച് 12കാരൻ മരിച്ച സംഭവം കഴിഞ്ഞ ഏപ്രിലിലാണ് ഉണ്ടായത്. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായിയാണ് മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്‍റെ സഹോദരി താഹിറ(38) പൊലീസ് പിടിയിലായി. താഹിറ സഹോദരന്‍റെ ഭാര്യയെ ലക്ഷ്യം വച്ചാണ് ഐസ്‌ക്രീമിൽ വിഷം കലർത്തിയത്. എന്നാൽ ഈ കുട്ടിയാണ് ഐസ്‌ക്രീം കഴിച്ചത്.
വിഷം കലർന്ന ഐസ്ക്രീം കഴിച്ചതിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില വഷളാകുകയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു. ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. എലിവിഷമാണ് താഹിറ ഐസ്‌ക്രീമിൽ കലര്‍ത്തിയത്. അരിക്കുളത്തെ കടയിൽ നിന്ന് വാങ്ങിയ ഫാമിലി പാക്ക് ഐസ്ക്രീമിലാണ് യുവതി വിഷം കലർത്തിയത്.
മുഹമ്മദലിയുടെ ഭാര്യയെ ലക്ഷ്യം വച്ചാണ് ഐസ്‌ക്രീമിൽ വിഷം ചേർത്തതെന്ന് താഹിറ പൊലീസിൽ മൊഴി നൽകി. എന്നാൽ, അവർ വീട്ടിൽ ഇല്ലാതിരുന്നതിനെ തുടർന്ന് മകൻ ഈ ഐസ്‌ക്രീം എടുത്ത് കഴിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ ആരോഗ്യനില വഷളാകുകയായിരുന്നു. കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്‌തു. പിന്നാലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരണപ്പെട്ടു.
തുടർന്ന് പോസ്റ്റ്‌മോർട്ടത്തില്‍ കുട്ടിയുടെ ശരീരത്തില്‍ അമോണിയം ഫോസ്‌ഫറസിന്‍റെ അംശം കണ്ടെത്തുകയായിരുന്നു. പിന്നാലെ പൊലീസ് വിശദമായി അന്വേഷണം നടത്തുകയും താഹിറയാണ് ഐസ്‌ക്രീമിൽ വിഷം ചേർത്തതെന്ന് കണ്ടെത്തുകയുമായിരുന്നു. വ്യക്തി വൈരാഗ്യത്തിന്‍റെ പേരിലാണ് മുഹമ്മദലിയുടെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും താഹിറ പൊലീസിനോട് പറഞ്ഞു. താഹിറയ്ക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.