റായ്‌പൂർ : അഞ്ച് ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന നക്‌സൽ ചത്തീസ്‌ഗഡിൽ പൊലീസിന്‍റെ വെടിയേറ്റ് മരിച്ചു. 25ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ സന്തോഷ് മർകം ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്‌ച (27 ജൂൺ) ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഏറ്റുമുട്ടൽ.
പൊലീസിന് നേരെ നക്‌സൽ സംഘം വെടിയുതിർത്തതിനാൽ ജീവരക്ഷാർഥം ജില്ല റിസർവ് ഗ്രൂപ്പ് തിരിച്ച് നിറയൊഴിയ്ക്കുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വെടിവയ്പ്പിനെ തുടർന്ന് നക്‌സൽ സംഘം കാട് കയറിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.
Also Read: സാന്‍ഡ്‌വിച്ച് ബുള്ളറ്റ് ; വയറും മനസും നിറച്ച കഥ
തുടർന്ന് കാട്ടിൽ നടത്തിയ തെരച്ചിലിലാണ് സന്തോഷ് മർകത്തിന്‍റെ മൃതദേഹം പൊലീസ് സംഘം കണ്ടെടുത്തത്. ഇയാൾ മാലൻഗീർ ഏരിയ കമ്മിറ്റി അംഗമാണെന്നും സർക്കാർ തലയ്ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ പറഞ്ഞു.
അരൺപൂർ പൊലീസ് സ്റ്റേഷനിൽ മാത്രം ഇയാളുടെ പേരിൽ 25ഓളം ക്രിമിനൽ കേസുകളാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മറ്റൊരു സംഭവത്തിൽ റായ്‌പൂർ പൊലീസ് കഴിഞ്ഞ വെള്ളിയാഴ്‌ച പത്ത് വർഷം പഴക്കമുള്ള ഒരു കൊലപാതക കേസ് തെളിയിക്കുകയുണ്ടായി.
10 വർഷം മുൻപുള്ള കൊലപാതകത്തിൽ പ്രതി പിടിയിൽ
സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. സന്തോഷ് യാദവ് (30), ലോകേഷ് യാദവ് (32) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 2011 ജനുവരിയിൽ ഫർഹദ ഗ്രാമത്തിൽ നടന്ന ലെഖ്റം സെൻ (40) എന്നയാളുടെ കൊലപാതക കേസാണ് ഇതോടെ തെളിഞ്ഞത്.
താൻ 2011ൽ ഒരാളെ കൊലപ്പെടുത്തിയിട്ടുണ്ട് എന്ന് സുഹൃത്തിനോട് പറയുകയും ഇയാൾ വിവരം പൊലീസിൽ അറിയിക്കുകയും ആയിരുന്നു. ലോകേഷ് യാദവിന്‍റെ സഹായത്തോടെ ലെഖ്റം സെന്നിനെ കഴുത്തുഞെരിച്ച് കൊന്നു എന്നായിരുന്നു ഇയാൾ സുഹൃത്തിനോട് പറഞ്ഞത്.
Also Read: ഇതിനകം വിതരണം ചെയ്തത് 31.5 കോടി ഡോസ് വാക്‌സിനെന്ന് കേന്ദ്രം
കൊലപാതകത്തിന് ശേഷം സമീപത്ത് തന്നെയുണ്ടായിരുന്ന ഒരു വയലിൽ മൃതദേഹം ഉപേക്ഷിച്ചതായും പറഞ്ഞിരുന്നു. സംഭവത്തിൽ പിടിയിലായ രണ്ട് പേർക്കുമെതിരെ പ്രസക്ത വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.