റായ്‌പുര്‍: ഛത്തീസ്ഗഡ് കൽക്കരി ലെവി അഴിമതിയിൽ 152 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്‍റെ ഡെപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യ, സസ്‌പെന്‍ഡ് ചെയ്‌ത ഐഎഎസ് ഉദ്യോഗസ്ഥന്‍ സമീര്‍ വിഷ്‌ണോയി, കല്‍ക്കരി വ്യവസായി സൂര്യകാന്ത് തിവാരി ഉള്‍പ്പടെയുള്ള പ്രതികളുടെ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) കണ്ടുകെട്ടിയത്. തുടര്‍ന്ന് എല്ലാ പ്രതികളെയും ഇഡി കോടതിയില്‍ ഹാജരാക്കി.
ഇഡി പൂട്ടിയത് എന്തെല്ലാം: പ്രതികളുടെ പേരിലുള്ള ഫ്ലാറ്റുകൾ, ആഭരണങ്ങൾ, പണം, കൽക്കരി വാഷറികൾ, പുരയിടങ്ങള്‍ എന്നിവയാണ് ഇഡി കണ്ടുകെട്ടിയ വസ്‌തുക്കള്‍. അതേസമയം അഴിമതി കേസില്‍ സൗമ്യ ചൗരസ്യയുടെ റിമാൻഡ് കാലാവധി കോടതി നാല് ദിവസത്തേക്ക് നീട്ടി. സമീര്‍ വിഷ്‌ണോയി, സൂര്യകാന്ത് തിവാരി, ലക്ഷമികാന്ത് തിവാരി, സുനില്‍ അഗര്‍വാള്‍ എന്നീ പ്രതികളെ കോടതി ജനുവരി 13 വരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു.
ഇഡിക്ക് പറയാനുള്ളത്: കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്‍റെ (പിഎംഎൽഎ) ക്രിമിനൽ വകുപ്പുകള്‍ക്ക് കീഴില്‍ വരുന്ന സ്ഥാവര ജംഗമ വസ്‌തുക്കള്‍ കണ്ടുകെട്ടാന്‍ ഫെഡറല്‍ അന്വേഷണ ഏജന്‍സി കഴിഞ്ഞ ദിവസം താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് വസ്‌തുവകകള്‍ കണ്ടുകെട്ടിയതെന്നും ആകെ 152.31 കോടി രൂപ മൂല്യമുള്ള വസ്‌തുക്കളാണ് ഇവയില്‍ ഉള്ളതെന്നും ഇഡി പ്രസ്‌താവനയില്‍ അറിയിച്ചു. ഇതില്‍ കൽക്കരി വ്യവസായി സൂര്യകാന്ത് തിവാരിയുടെ 65 സ്വത്ത് വകകള്‍, മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിയമിച്ചിട്ടുള്ള സംസ്ഥാന അഡ്‌മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ ശക്തയായ ബ്യൂറോക്രാറ്റ് സൗമ്യ ചൗരസ്യയുടെ 21 സ്വത്ത് വകകള്‍, 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ സമീർ വിഷ്‌ണോയിയുടെ അഞ്ച് സ്വത്ത് വകകള്‍ എന്നിവ ഉള്‍പ്പെടുന്നുവെന്നും ഇഡി വ്യക്തമാക്കി. മറ്റൊരു കൽക്കരി വ്യവസായിയായ സുനിൽ അഗർവാളിന്‍റെ സ്വത്ത് വകകളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും ഇഡി പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.
പിടിവീണ വഴി: കല്‍ക്കരി ഇടപാടിന്‍റെ മറവില്‍ സംഘം 540 കോടി രൂപ തട്ടിയെടുത്തു എന്നായിരുന്നു ഇഡിയുടെ ആരോപണം. ഇതിനെത്തുടര്‍ന്ന് ഒക്‌ടോബര്‍ 13 ന് ഐഎഎസ് ഉദ്യോഗസ്ഥന്‍ സമീർ വിഷ്‌ണോയി, കൽക്കരി വ്യവസായി സുനിൽ അഗർവാൾ, അഭിഭാഷകനും വ്യവസായിയുമായ ലക്ഷ്മികാന്ത് തിവാരി എന്നിവരെ ഇഡി അറസ്‌റ്റ് ചെയ്തു. ഇതിന് പിന്നാലെ ഒക്‌ടോബര്‍ 29 ന് കൽക്കരി വ്യവസായി സൂര്യകാന്ത് തിവാരി റായ്പൂർ കോടതിയിലും കീഴടങ്ങി. തുടര്‍ന്നാണ് ഡിസംബര്‍ രണ്ടോടെ സൗമ്യ ചൗരസ്യയെയും ഇഡി അറസ്‌റ്റ് ചെയ്യുന്നത്.