റായ്‌പൂർ: ഗോവർദ്ധൻ പൂജ ചടങ്ങിൽ കലാകാരന്മാർക്കൊപ്പം സംഗീതോപകരണം വായിച്ചും നൃത്തം ചെയ്‌തും ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി. വെള്ളിയാഴ്‌ച റായ്‌പൂരിൽ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ സംഗീതോപകരണം വായിച്ചത്. കുടുംബാംഗങ്ങളോടൊപ്പമാണ് മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കുകയും സംഗീതോപകരണം വായിക്കുകയും നൃത്തം ചെയ്യുകയും ചെയ്‌തത്.
ഛത്തീസ്‌ഗഡിലെ ദുർഗ് നഗരത്തിൽ വെള്ളിയാഴ്‌ച നടന്ന ഗോവർദ്ധൻ പൂജയിൽ ആഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി ചാട്ടവാറടി ഏറ്റുവാങ്ങിയിരുന്നു. നാട്ടിൽ ഐശ്വര്യം വരാനാണ് ചാട്ടയടി ഏറ്റുവാങ്ങുന്നതെന്നാണ് പ്രദേശവാസികളുടെ വിശ്വാസം.
മുഖ്യമന്ത്രി കൈത്തണ്ടയിൽ ചാട്ടയടി ഏറ്റുവാങ്ങുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വലത് കൈത്തണ്ടയിലാണ് ബീരേന്ദ്ര താക്കൂർ എന്നയാൾ ചാട്ടവാറുകൊണ്ട് എട്ടു തവണ ആഞ്ഞടിച്ചത്.
ഹിന്ദുമതാചാര പ്രകാരം ഭഗവാൻ കൃഷ്‌ണൻ ഇന്ദ്രനെ തോൽപ്പിക്കുകയും ഗ്രാമവാസികൾക്ക് ഗോവർദ്ധൻ കുന്നിൽ അഭയം നൽകുകയും ചെയ്‌ത ദിവസമാണ് ഗോവർദ്ധൻ പൂജ ആചരിക്കുന്നത്.
Also Read: ആശുപത്രിയില്‍ വന്‍ തീപിടിത്തം; 10 കൊവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം