റായ്‌പൂർ (ഛത്തീസ്‌ഗഢ്) : വിവിധ പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണ ബിൽ ഏകകണ്‌ഠമായി പാസാക്കി ഛത്തീസ്‌ഗഢ് സർക്കാർ. പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗക്കാർ എന്നിവർക്ക് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശം നേടുന്നതിനുള്ള സംവരണ ബില്ലാണ് പാസാക്കിയത്. പുതിയ ഭേദഗതി പ്രകാരം പട്ടികവർഗക്കാർക്ക് 32 ശതമാനം, പട്ടികജാതിക്കാർക്ക് 13 ശതമാനം, ഒബിസിക്ക് 27 ശതമാനം, ഇഡബ്ല്യുഎസിക്ക് നാല് ശതമാനം സംവരണവും ഏർപ്പെടുത്തിയിട്ടുണ്ട്.
2022 ഡിസംബർ രണ്ടിനാണ് ഛത്തീസ്‌ഗഢ് നിയമസഭ പുതിയ സംവരണ ബിൽ ഏകകണ്‌ഠമായി പാസാക്കിയത്. ബാഗേൽ സർക്കാർ രണ്ട് ദിവസത്തേക്ക് വിളിച്ചുചേർത്ത പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് ബിൽ പാസാക്കിയത്. ബിൽ നിലവിൽ വരുന്നതോടെ വിവിധ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം 76 ശതമാനമായി വര്‍ധിക്കും.
ബിജെപിക്ക് കഴിഞ്ഞില്ലെന്ന് ഭൂപേഷ് ബാഗേൽ: ബിജെപി അധികാരത്തിലുണ്ടായിരുന്നപ്പോൾ പിന്നാക്ക സംവരണം ഒരു വിഷയമായിരുന്നു. എന്നാൽ സംവരണം നടപ്പിലാക്കാൻ അവർക്ക് കഴിഞ്ഞില്ല. ഇതിനായി ബിജെപി മന്ത്രിമാരുടെ കമ്മിറ്റി രൂപീകരിച്ചെങ്കിലും റിപ്പോർട്ട് പോലും ഹൈക്കോടതിയിൽ സമർപ്പിച്ചില്ല. ഏഴ് വർഷം കൊണ്ട് വ്യക്തമായ കണക്ക് ശേഖരിക്കാൻ പോലും ബിജെപിക്ക് സാധിച്ചില്ലെന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ കുറ്റപ്പെടുത്തി.
ഛത്തീസ്‌ഗഡിൽ ഭൂരിഭാഗം ആളുകളും വനമേഖലയിലാണ് താമസിക്കുന്നത്. അവരുടെ അവസ്ഥ വളരെ മോശമാണ്. സംവരണത്തിൽ ഇവർക്ക് പ്രത്യേക പ്രാധാന്യം നൽകും. പട്ടികജാതി വിഭാഗത്തിന് ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സംവരണം 16 ശതമാനമായി ഉയർത്തുന്ന കാര്യം പരിഗണിക്കും. നിയമസഭ പാസാക്കിയ ബില്ലിൽ ഒപ്പിടാൻ ഗവർണറോട് ആവശ്യപ്പെടുന്നതിന് മന്ത്രിമാർ ഇന്ന് തന്നെ രാജ്ഭവനിലേക്ക് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബില്ലുകൾ ജുഡീഷ്യൽ അവലോകനത്തിന് ശേഷം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നതിനുള്ള ഭേദഗതി കേന്ദ്രം നടപ്പിലാക്കിയതിന് ശേഷമാണ് സംവരണം പ്രാബല്യത്തിൽ വരുക. ഇതിനായി പാർട്ടിയിലെയും പ്രതിപക്ഷത്തേയും എല്ലാ അംഗങ്ങളും ഒന്നിച്ച് പ്രധാനമന്ത്രിയെ കാണണമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഛത്തീസ്‌ഗഢിലെ ആകെ സംവരണം 76 ശതമാനമാക്കുമെന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു. ബില്ലിൽ പട്ടികജാതിക്കാരുടെ സംവരണം 13 ൽ നിന്ന് 16 ആയും ഇഡബ്ല്യുഎസിക്ക് നാല് ശതമാനത്തിൽ നിന്ന് 10 ശതമാനമായും ഉയർത്തണമെന്ന് എംഎൽഎ ധരംജിത് സിങ് ആവശ്യപ്പെട്ടു.
സംവരണം ഭേദഗതികൾ: 2012 വരെ ഛത്തീസ്‌ഗഢിൽ 50% സംവരണമായിരുന്നു നിലവിലുണ്ടായിരുന്നത്. എന്നാൽ 2012 മുതൽ 68% സംവരണമാണ് സംസ്ഥാനത്ത്. ഇപ്പോൾ 76% സംവരണത്തിനുള്ള ബില്ലാണ് ഛത്തീസ്‌ഗഢ് നിയമസഭ ഏകകണ്‌ഠമായി പാസാക്കിയത്.
ബാഗേൽ സർക്കാരിന്‍റെ നേട്ടം: പുതിയ സംവരണ ബിൽ നിയമസഭ പാസാക്കിയതോടെ സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകർ ആവേശത്തിലാണ്. നേതാക്കളും പ്രവർത്തകരും പടക്കം പൊട്ടിച്ച് മധുരം വിതരണം ചെയ്‌തുമാണ് ആഘോഷിച്ചത്. ബാഗേൽ സർക്കാരിന്‍റെ വലിയ നേട്ടമായാണ് കോൺഗ്രസ് ഇതിനെ കണക്കാക്കുന്നത്.