ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിദിന സന്ദർശനത്തിനോട് അനുബന്ധിച്ച് ചെന്നൈ നഗരം കനത്ത സുരക്ഷ വലയത്തില്‍. നാളെ (ജൂലൈ 29) നഗരത്തിലെത്തുന്ന മോദി 44 -ാമത് ചെസ് ഒളിമ്പ്യാഡ് ഉദ്ഘാടനം ചെയ്യും. 29ന് അണ്ണ യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങിലും പങ്കെടുക്കും.
Read more: ചെസ് ഒളിമ്പ്യാഡിന്‍റെ ദീപശിഖ പ്രയാണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ചെന്നൈ നഗരത്തില്‍ ബലൂണ്‍ പറത്തുന്നതിന് നിരോധനമുണ്ട്. ജൂലൈ 4ന് ആന്ധ്രാപ്രദേശ് സന്ദര്‍ശിക്കവെ പ്രധാനമന്ത്രിയുടെ ഹെലികോപ്ടറിന് സമീപം കറുത്ത ബലൂണ്‍ പറത്തിയതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസിന്‍റെ സുരക്ഷ വീഴ്ചയായാണ് ഇതിനെ വിലയിരുത്തപ്പെട്ടത്. ഇതിനെ തുടര്‍ന്നാണ് ചെന്നൈ നഗരത്തില്‍ ബലൂണിന് നിരോധനം ഏര്‍പ്പെടുത്തിയത്.
സീനിയർ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ 22,000 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയുടെ ഭാഗമായി നിയോഗിക്കുമെന്നും സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തിയതായും ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർ ശങ്കർ ജിവാൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി സന്ദർശിക്കുന്ന സ്ഥലങ്ങളുൾപ്പടെ ജില്ലയിലെ വിവിധയിടങ്ങൾ സുരക്ഷ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. സംശയകരമായ വ്യക്തികളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി ലോഡ്‌ജുകളും ഹോട്ടലുകളുമുൾപ്പടെ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. സുരക്ഷയുടെ ഭാഗമായി ജൂലൈ 28നും 29നും എയർക്രാഫ്റ്റ്സ്, ബലൂണുകൾ, പാരാ-ജമ്പിങ് തുടങ്ങിയവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
Also read: ചെസ് ഒളിമ്പ്യാഡിന് ഒരുങ്ങി ചെന്നൈ; ചതുരംഗക്കളമായി നേപ്പിയർ പാലം