ചെന്നൈ: ഹജ്ജ് തീർഥാടകരുടെ സൗകര്യാർഥം ചെന്നൈയിൽ ഹജ്ജ് എംബാർക്കേഷൻ പോയിന്‍റ് പുനഃസ്ഥാപിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ആവശ്യമുന്നയിച്ച് സ്റ്റാലിൻ വ്യാഴാഴ്‌ച കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വിക്ക് കത്തെഴുതി.
എല്ലാ വർഷവും തമിഴ്‌നാട്ടിൽ നിന്നുള്ള 4000ലധികം തീർഥാടകർ ചെന്നൈ എംബാർക്കേഷൻ പോയിന്‍റിൽ നിന്ന് സൗദി അറേബ്യയിലേക്ക് ഹജ്ജ് തീർഥാടനത്തിനായി പോകുന്നുണ്ട്. കൂടാതെ, ചെന്നൈയിൽ നിന്ന് ജിദ്ദയിലേക്കും തിരിച്ചും 1987 മുതൽ 2020 വരെ നേരിട്ട് ഹജ് വിമാനങ്ങൾ സർവീസ് നടത്തിയിരുന്നു. ഇത് തമിഴ്‌നാട്, കേരളം, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് പ്രയോജനപ്രദമായിരുന്നു. 2019ലെ ഹജ്ജ് സമയത്ത് തമിഴ്‌നാട്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്നുള്ള 4500ലധികം തീർഥാടകർ ചെന്നൈ എംബാർക്കേഷൻ പോയിന്‍റിൽ നിന്ന് ഹജ്ജ് തീർഥാടനത്തിന് പോയിരുന്നുവെന്നും എം.കെ സ്റ്റാലിൻ കത്തിൽ കുറിച്ചു.
2022ലെ ഹജ്ജിന്‍റെ എംബാർക്കേഷൻ പോയിന്‍റായി ചെന്നൈയെ പുനഃസ്ഥാപിക്കണമെന്ന് കഴിഞ്ഞ നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചിരുന്നുവെന്നും സ്റ്റാലിൻ കത്തിൽ പറയുന്നു.
കൊവിഡ് മൂലം എംബാർക്കേഷൻ പോയിന്‍റുകൾ 21ൽ നിന്ന് 10 ആയി കുറക്കുകയും തമിഴ്‌നാട്ടിൽ നിന്നുള്ളവരുടെ ഹജ്ജ് എംബാർക്കേഷൻ പോയിന്‍റ് കൊച്ചിയിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു. അതിനാൽ തമിഴ്‌നാട്ടിൽ നിന്നുള്ള തീർഥാടകർക്ക് അധിക ചെലവും 700 കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ടതായും വരുന്നുവെന്ന് കത്തിൽ പറയുന്നു.
സൗദി അറേബ്യ രാജ്യാന്തര തീർഥാടകർക്ക് കൊവിഡുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. അതിനാൽ എംബാർക്കേഷൻ പോയിന്‍റുകളുടെ എണ്ണം കുറച്ച നടപടി പുനഃപരിശോധിക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം മതവിശ്വാസികളിൽ നിന്ന് നിരവധി അപേക്ഷകളും ലഭിക്കുന്നുണ്ട്. അതിനാൽ ഹജ്ജ് തീർഥാടകരുടെ അപേക്ഷ പരിഗണിച്ച് ചെന്നൈയെ ഹജ്ജ് എംബാർക്കേഷൻ പോയിന്‍റായി പുനസ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കത്തിൽ പറയുന്നു.
Also Read: 'അഴിമതി കണ്ടാല്‍ അറിയിക്കൂ'; അഴിമതി വിരുദ്ധ ഹെൽപ്പ് ലൈനായി സ്വന്തം നമ്പർ നൽകി ഭഗവന്ത് മാൻ