ഷിയോപൂർ (മധ്യപ്രദേശ്) : കുനോ ഉദ്യാനത്തിൽ ഒരു ചീറ്റക്കുഞ്ഞ് ചത്തു. മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ കുനോ നാഷണൽ പാർക്കിൽ നമീബിയയിൽ നിന്ന് കൊണ്ടുവന്ന ജ്വാല എന്ന പെൺ ചീറ്റ ജന്മം നൽകിയ കുഞ്ഞാണ് ചത്തത്. മരണ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ് സംഘം.
ഈ വർഷം മാർച്ചിൽ നാല് കുഞ്ഞുങ്ങൾക്കാണ് ജ്വാല ജന്മം നൽകിയത്. ദേശീയ ഉദ്യാനത്തിൽ ഇതിന് മുൻപ് മൂന്ന് ചീറ്റകൾ ചത്തിരുന്നു. പ്രൊജക്‌ട് ചീറ്റയുടെ ഭാഗമായി ഇന്ത്യയിൽ എത്തിച്ച 20 ചീറ്റകളിൽ അവസാനമായി ചത്തത് ധീര എന്ന പെൺ ചീറ്റപ്പുലിയായിരുന്നു. വന്യജീവി നിരീക്ഷണ സംഘമാണ് ഗുരുതരമായി പരിക്കേറ്റ് കിടക്കുകയായിരുന്ന പെൺ ചീറ്റയെ കണ്ടത്. വെറ്ററിനറി ഡോക്‌ടർമാർ ചികിത്സ ആരംഭിച്ചെങ്കിലും മെയ് 9ന് ഉച്ചയ്ക്ക് 12 മണിയോടെ ചത്തു.
ഇണ ചേരുന്നതിനായി ധീരക്കൊപ്പം വായു, അഗ്നി എന്നിങ്ങനെ രണ്ട് ആൺ ചീറ്റകളെയാണ് തുറന്ന് വിട്ടത്. ഇണചേരലിനിടെ ആൺചീറ്റകളുടെ അക്രമാസക്തമായ ഇടപഴകൽ മൂലമായിരിക്കാം ധീരയ്ക്ക് പരിക്കേറ്റതെന്നായിരുന്നു പ്രാഥമിക നിഗമനം. ധീര എന്ന പെൺചീറ്റയെ ഒന്നാം നമ്പർ വലയത്തിലും ആൺ ചീറ്റയായ വായുവിനെയും ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന അഗ്നിയെയും അടുത്തുള്ള ഏഴാം നമ്പർ ക്ലോസറിലും പാർപ്പിച്ചിരിക്കുകയായിരുന്നു.
ഇണ ചേരുന്നതിനായി ഇവരെ തുറന്ന് വിട്ടു. ഇണചേരൽ സമയത്ത് പെൺ ചീറ്റകളോട് ആൺ ചീറ്റകൾ അക്രമാസക്തമായ പെരുമാറ്റം പ്രകടിപ്പിക്കുന്നത് സാധാരണമാണെന്നും ഇത് തന്നെയാവാം മരണകാരണമെന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വൈൽഡ്‌ലൈഫ്) ജെ എസ് ചൗഹാൻ വ്യക്തമാക്കി.
Also Read : കുനോ ദേശീയോദ്യാനത്തിൽ ഒരു ചീറ്റ കൂടി ചത്തു; മൂന്ന് മാസത്തിൽ ഇതുവരെ ചത്തത് മൂന്ന് ചീറ്റകൾ
ഇന്ത്യയിലെത്തിച്ചത് ഇരുപത് ചീറ്റകളെ : പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ 72-ാം ജന്മദിനത്തിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 17-നാണ് നമീബിയയിൽ നിന്ന് എട്ട് ചീറ്റപ്പുലികളെ ഇന്ത്യയിൽ എത്തിച്ചത്. ഫെബ്രുവരി 18 ന് രണ്ടാം തവണ 12 ചീറ്റകളെ ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിച്ചു. ആകെ 20 ചീറ്റകളെയാണ് എത്തിച്ചത്.
നമീബിയൻ ചീറ്റപ്പുലികളിൽ ഒന്നായ സാഷ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് മാർച്ചിൽ ചത്തു. നിരീക്ഷണത്തിലുള്ള ചീറ്റകളിൽ (captive cheetahs) വിട്ടുമാറാത്ത വൃക്കസംബന്ധമായ പ്രശ്‌നങ്ങൾ സാധാരണമാണെന്നായിരുന്നു അധികൃതർ പറഞ്ഞത്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഉദയ് എന്ന ചീറ്റ ഏപ്രിൽ 13ന് ചത്തു. പ്രാഥമിക പരിശോധനയിൽ ഉദയ് എന്ന ചീറ്റ ടെർമിനൽ കാർഡിയോ പൾമണറി മൂലമാണ് ചത്തതെന്ന് കണ്ടെത്തി. പിന്നീട് മെയ് മാസം ധീര എന്ന ചീറ്റയും ചത്തു.
ഇതിനിടെ മാർച്ചിലാണ് ജ്വാല എന്ന ചീറ്റ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. 1947ലാണ് കോരിയ ജില്ലയില്‍ അവസാന ചീറ്റ ചത്തത്. തുടര്‍ന്ന് 1952 ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചതായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. പിന്നീട് 2009 ല്‍ യുപിഎ സര്‍ക്കാരില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശാണ് ചീറ്റകളെ തിരികെയെത്തിക്കുക എന്ന ആശയത്തില്‍ 'പ്രൊജക്‌ട് ചീറ്റ' അവതരിപ്പിച്ചത്.