സൂറത്ത് : പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ പേരിൽ ട്വിറ്ററിൽ വ്യാജ ഐഡി ഉണ്ടാക്കി തട്ടിപ്പ്. സൂറത്തിലെ പ്രീ സ്‌കൂൾ വനിത ഡയറക്‌ടറാണ് തട്ടിപ്പിന് ഇരയായത്. ഫോളോ ചെയ്യാൻ റിക്വസ്‌റ്റ് അയച്ച ശേഷം, ഐപിഎൽ വാതുവയ്‌പ്പിൽ തനിക്ക് കോടിക്കണക്കിന് രൂപ നഷ്‌ടപ്പെട്ടുവെന്നും വീട്ടിൽ നിന്ന് പണം എടുക്കാൻ കഴിയില്ലെന്നും തട്ടിപ്പുകാരന്‍ പറഞ്ഞു. ഇങ്ങനെ ഇവരില്‍ നിന്ന് 25 ലക്ഷം രൂപ തട്ടുകയായിരുന്നു.
സംഭവത്തിൽ ആകാശ് അംബാനിയുടെ സുഹൃത്തുക്കളാണെന്ന വ്യാജേന പ്രീ സ്‌കൂള്‍ വനിത ഡയറക്‌ടറെ സന്ദർശിച്ച തട്ടിപ്പുസംഘത്തിലുള്ള സച്ചിൻ സുശീൽ ഹൽവായ്, ദേവാശിഷ് മൊഹന്തി എന്നീ പേരുകളിലുള്ള രണ്ടുപേർക്കെതിരേയും പരാതി നൽകിയിട്ടുണ്ട്. സച്ചിനാണ് പന്തയത്തിൽ തോറ്റതിന് ശേഷം സാമ്പത്തിക സഹായം ആവശ്യമുണ്ടെന്ന വ്യാജേന പരാതിക്കാരിയെ സന്ദർശിച്ചത്. ഇതു വിശ്വസിച്ച പരാതിക്കാരി അവർ നൽകിയ അക്കൗണ്ടിലേയ്‌ക്ക് പണം അയച്ചു.
സച്ചിന്‍ ആകാശ് അംബാനിയുടേതെന്ന പേരിൽ രണ്ട് ഫോൺ നമ്പറുകൾ പരാതിക്കാരിയ്‌ക്ക് നൽകിയിരുന്നു. ശേഷം ഇരുവരും ഈ നമ്പറുകളിലൂടെ ആശയവിനിമയം നടത്തി. ഇതിനിടയിൽ സച്ചിൻ പരാതിക്കാരിയോട് അവരുടെ നഗ്നചിത്രം അയക്കാൻ ആവശ്യപ്പെടുകയും ഒടുവിൽ അവർ നൽകുകയും ചെയ്‌തു.
രണ്ട് വർഷത്തിനുശേഷം സച്ചിൻ പരാതിക്കാരിയുടെ വീട്ടിൽ വരികയും സൂറത്തിൽ സ്റ്റീൽ ഫാക്‌ടറി തുടങ്ങാൻ 50 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. സംശയം തോന്നിയതിനെ തുടർന്ന് പരാതിക്കാരി പണം നൽകാതിരുന്നപ്പോൾ ഇയാള്‍ മെയിലുകളും സന്ദേശങ്ങളും അയച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങി. മുൻപ് അയച്ച ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ സൂറത്തിലെ വെസു പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.ആകാശ് അംബാനിയുടെ വ്യാജ ഐഡി പൊലീസ് ഇടപെട്ട് നീക്കം ചെയ്‌തിട്ടുണ്ട്.