തിരുവനന്തപുരം : മണിക്കൂറുകള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്... ലോകം മുഴുവന്‍ ഇന്ത്യയെ ആണ് ഇപ്പോള്‍ ഉറ്റുനോക്കുന്നത്. നാളെ (ഓഗസ്റ്റ് 23) വൈകുന്നേരം 6.04-ന് ഇന്ത്യയുടെ മൂന്നാം ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുമെന്നാണ് ഐഎസ്ആര്‍ഒ (ISRO) ഓദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
മുന്‍പ് ഇല്ലാത്ത അത്രയും ആത്മവിശ്വാസത്തിലാണ് ഐഎസ്‌ആര്‍ഒ ശാസ്‌ത്രജ്ഞര്‍. ദൗത്യത്തിലെ ഏറ്റവും നിര്‍ണായകമായ രണ്ട് ഡീബൂസ്റ്റിങ് പ്രക്രിയകളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നെന്ന് നേരത്തെ ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു. അവസാന ഘട്ടത്തില്‍ മൊഡ്യൂളിലെ വീണ്ടും പരിശോധിക്കുന്നുണ്ട്.
തുടര്‍ന്ന്, പേടകം ഇറക്കാനിരിക്കുന്ന സ്ഥലത്തെ സൂര്യോദയത്തിനായുള്ള കാത്തിരിപ്പായിരിക്കും. ഓഗസ്റ്റ് 23 വൈകുന്നേരം 5.45നാണ് ചന്ദ്രോപരിതലത്തിലേക്ക് ചന്ദ്രയാന്‍ താഴ്‌ന്നിറങ്ങല്‍ ആരംഭിക്കുന്നത്.
ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തെ തൊടുത്ത ആദ്യ രാജ്യമായി ഇന്ത്യ മാറുമോ എന്നാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്. ചന്ദ്രനില്‍ സോഫ്‌റ്റ് ലാന്‍ഡിങ് നടത്താന്‍ സാധിച്ചാല്‍ ഈ നേട്ടം കൈപ്പിടിയിലാക്കുന്ന നാലാമത്തെ രാജ്യമായും ഇന്ത്യ മാറും. സോവിയറ്റ് യൂണിയനും അമേരിക്കയും ചൈനയും മാത്രം കൈവരിച്ച നേട്ടത്തിന് അരികിലാണ് ഇപ്പോള്‍ ഇന്ത്യയും.
'ഐതിഹാസികം ചന്ദ്രയാൻ 3' (Chandrayaan 3 mission) : ഏറെ ദൈര്‍ഘ്യമേറിയതായിരുന്നു ചന്ദ്രയാന്‍ 3യുടെ (Chandrayaan 3) സഞ്ചാരം. ജൂലൈ 14ന് വിക്ഷേപിച്ചത് മുതല്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ നിശ്ചയിച്ചിരിക്കുന്ന ഓഗസ്റ്റ് 23 വരെ 41 ദിവസം കൊണ്ടാണ് ദൗത്യം പൂര്‍ത്തിയാകുക. വിക്ഷേപണം മുതല്‍ ഇതുവരെയുള്ള ഘട്ടങ്ങളെല്ലാം തന്നെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ചന്ദ്രയാന്‍ 3ന് കഴിഞ്ഞിട്ടുണ്ട്.
എല്‍വിഎം 3 (LVM 3) എന്ന ഐഎസ്‌ആര്‍ഒയുടെ (ISRO) ഏറ്റവും വലിയ റോക്കറ്റിലായിരുന്നു ചന്ദ്രയാന്‍ പേടകം വിക്ഷേപിച്ചത്. തുടര്‍ച്ചയായി മൂന്ന് വിജയകരമായ വിക്ഷേപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഈ വിക്ഷേപണം. വിക്ഷേപണം നടന്ന് 16 മിനിറ്റിനുളളില്‍ തന്നെ റോക്കറ്റില്‍ നിന്ന് വേര്‍പ്പെട്ട് ചന്ദ്രയാന്‍ പേടകം ഭുമിയുടെ ഭ്രമണപഥത്തില്‍ എത്തി ചേര്‍ന്നു.
ഇവിടെ നിന്നും ഘട്ടം ഘട്ടമായി ഭ്രമണപഥം ഉയര്‍ത്തി ചന്ദ്രന്‍റെ പരിക്രമണ പാതയില്‍ എത്തിച്ചു. ഇവിടെ നിന്നുമാണ് ഭ്രമണപഥം താഴ്ത്തി ഏറ്റവും കുറഞ്ഞ ദൂരം 30 കിലോമീറ്ററും കൂടിയ ദൂരം 100 കിലോമീറ്ററും ആക്കിയത്. ഇതിനു ശേഷമാണ് സേഫ് ലാന്‍ഡിങ്ങിനുള്ള മുന്നൊരുക്കങ്ങള്‍ ഐഎസ്‌ആര്‍ഒ ആരംഭിച്ചത്.
ചന്ദ്രയാന്‍ രണ്ടാം ദൗത്യവും ഈ ഘട്ടം വരെ വിജയകരമായി എത്തിയിരുന്നു. എന്നാല്‍ സേഫ് ലാന്‍ഡിങ് മാത്രമാണ് നടക്കാതിരുന്നത്. ആ പിഴവില്‍ നിന്നുള്ള പാഠങ്ങള്‍ കൂടി പഠിച്ചാണ് ഐഎസ്‌ആര്‍ഒ പുതിയ കാല്‍വയ്പ്പിന് ഇറങ്ങിയിരിക്കുന്നത്. അതും ആരും തൊടാത്ത ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍.
ദൈര്‍ഘ്യം കൂടുതല്‍, ചെലവ് കുറവ് : ചന്ദ്രയാന്‍ 3 പര്യവേക്ഷണ യാത്രയുടെ ദൈര്‍ഘ്യം കൂടുതലാണ്. 42 ദിവസത്തോളം നീണ്ടു നില്‍ക്കുന്നതായിരുന്നു ഈ യാത്ര. ചന്ദ്രയാന്‍ വിക്ഷേപണത്തിന് ശേഷം വിക്ഷേപിച്ച റഷ്യയുടെ ലൂണ 25 എന്ന പര്യവേക്ഷണത്തിന്‍റെ യാത്ര സമയം 12 ദിവസം മാത്രമായിരുന്നു. എന്നാല്‍ ദൈര്‍ഘ്യമേറിയ യാത്ര സങ്കീര്‍ണമാണെങ്കിലും ഏറ്റവും സുരക്ഷിതമെന്നാണ് ഐഎസ്‌ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്.
നേരെ ചന്ദ്രന്‍റെ ഭ്രമണപഥത്തെ സമീപിക്കുന്നതിന് പകരം ഭൂമിയുടെ ഭ്രമണപഥത്തില്‍ പേടകത്തെ എത്തിച്ച് ഘട്ടം ഘട്ടമായി ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിക്കുക എന്ന രീതിയാണ് ഐഎസ്‌ആര്‍ഒ സ്വീകരിച്ചിരിക്കുന്നത്. ഇതില്‍ എന്തെങ്കിലും സാങ്കേതിക പിഴവ് വന്നാല്‍ പോലും പരിഹരിക്കാനുള്ള സമയം ലഭിക്കും. ഇത് കൂടാതെ കുറഞ്ഞ ചിലവില്‍ തന്നെ ദൗത്യം പൂര്‍ത്തീകരിക്കാനും കഴിയും. നിലവില്‍ ഐഎസ്‌ആര്‍ഒ വികസിപ്പിച്ച ഏറ്റവും കൂടുതല്‍ വിശ്വാസ്യതയുള്ളതുമായ എല്‍വിഎം 3 എന്ന റോക്കറ്റിലാണ് ചന്ദ്രയാനും വിക്ഷേപിച്ചത്.
ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് നേരിട്ട് വിക്ഷേപിക്കുന്നതിന് കൂടതല്‍ ശക്തിയേറിയ റോക്കറ്റ് നിര്‍മിക്കേണ്ടി വരും. അല്ലെങ്കില്‍ പേടകത്തിന്‍റെയും ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്ന റോവറിന്‍റെയും ഭാരം കുറയ്‌ക്കേണ്ടിയും വരും. ഇത് ഒഴിവാക്കാനാണ് ഐഎസ്‌ആര്‍ഒ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചത്.
19 മിനിട്ടുകള്‍, നെഞ്ചിടിപ്പ് ഏറും : 42 ദിവസം നീണ്ടു നില്‍ക്കുന്ന ചന്ദ്രയാന്‍ 3 ദൗത്യത്തിന്‍റെ നിര്‍ണായക ഘട്ടം നീണ്ടു നില്‍ക്കുക 19 മിനിറ്റാണ്. ഈ 19 മിനിറ്റ് കൊണ്ടാണ് പേടകം ചന്ദ്രോപരിതലത്തില്‍ സേഫ്‌ലാന്‍ഡ് ചെയ്യുക (Chandrayaan 3 soft landing). ചന്ദ്രനില്‍ നിന്ന് 25 കിലോമീറ്റര്‍ മാത്രം അകലെയെത്തുന്നതോടെയാണ് ലാന്‍ഡിങ്ങിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുക.
ത്രസ്റ്ററുകള്‍ (thrust) എതിര്‍ദിശയില്‍ പ്രവര്‍ത്തിപ്പിച്ച് വേഗത കുറച്ചാണ് ലാന്‍ഡിങ് (chandrayaan 3 landing). ചന്ദ്രോപരിതലം (moon surface) വ്യക്തമായി പരിശോധിച്ച് ഗര്‍ത്തങ്ങള്‍ ഇല്ലാത്ത സ്ഥലത്താകും ലാന്‍ഡിങ്. ഉപരിതലത്തിന് 100 മീറ്റര്‍ ഉയരത്തിലാകും ഈ പരിശോധന. വേഗ നിയന്ത്രണത്തിനായി ലേസര്‍ ഡോപ്ലര്‍ വെലോസിറ്റി മീറ്റര്‍ ചന്ദ്രയാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
-
Chandrayaan-3 Mission:
— ISRO (@isro) August 22, 2023 " class="align-text-top noRightClick twitterSection" data="
The mission is on schedule.
Systems are undergoing regular checks.
Smooth sailing is continuing.
The Mission Operations Complex (MOX) is buzzed with energy & excitement!
The live telecast of the landing operations at MOX/ISTRAC begins at 17:20 Hrs. IST… pic.twitter.com/Ucfg9HAvrY
">Chandrayaan-3 Mission:
— ISRO (@isro) August 22, 2023
The mission is on schedule.
Systems are undergoing regular checks.
Smooth sailing is continuing.
The Mission Operations Complex (MOX) is buzzed with energy & excitement!
The live telecast of the landing operations at MOX/ISTRAC begins at 17:20 Hrs. IST… pic.twitter.com/Ucfg9HAvrYChandrayaan-3 Mission:
— ISRO (@isro) August 22, 2023
The mission is on schedule.
Systems are undergoing regular checks.
Smooth sailing is continuing.
The Mission Operations Complex (MOX) is buzzed with energy & excitement!
The live telecast of the landing operations at MOX/ISTRAC begins at 17:20 Hrs. IST… pic.twitter.com/Ucfg9HAvrY
ഇത്തരത്തില്‍ വേഗം നിയന്ത്രിച്ച് ഇടിച്ചിറങ്ങുക എന്ന അപകടം ഒഴിവാക്കിയാകും സേഫ് ലാന്‍ഡിങ്ങ്. ഇതിന് ഏകദേശം 19 മിനിറ്റ് സമയമെടുക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍. ലാന്‍ഡിങ്ങിനു ശേഷമാകും ലാന്‍ഡറിന്‍റെ വാതില്‍ തുറന്ന് റോവര്‍ പുറത്തിറങ്ങി ചന്ദ്രോപരിതലത്തില്‍ 1 കിലോമീറ്റര്‍ ചുറ്റളവില്‍ പര്യവേക്ഷണങ്ങള്‍ നടത്തുക.
ഏഴ് പേലോഡുകള്‍ (7 Payload), നിര്‍ണായക പഠനങ്ങള്‍ : ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ലാന്‍ഡറിലും റോവറിലുമായി ഏഴ് പേലോഡുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ പഠനങ്ങള്‍ക്കായാണ് ഈ പേലോഡുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. ലാന്‍ഡറില്‍ (lander) രംഭ-എല്‍പി, ചസ്‌തെ.ഐഎല്‍എസ്എ, എല്‍ആര്‍എ എന്നിങ്ങനെ നാല് പേലോഡുകളും റോവറില്‍ (rover) എപിഎക്‌സ്എസ്, ലിബ്‌സ് എന്നീ പേലോഡുകളും പ്രോപ്പല്‍ഷന്‍ മോഡ്യൂളില്‍ ഷേപ്പ് എന്ന പേലോഡും ഘടിപ്പിച്ചിട്ടുണ്ട്.
ചന്ദ്രോപരിതലത്തിലെ ഊഷ്‌മാവ്, ധാതുനിക്ഷേപങ്ങള്‍, പ്ലാസ്‌മ തോത്, ചന്ദ്രോപരിതലത്തിലെ പ്രകമ്പനങ്ങള്‍, ചന്ദ്രോപരിതലത്തിന്‍റെ പ്രത്യേകത എന്നിവയാണ് ഈ ഏഴ് പേലോഡുകള്‍ പഠിക്കുക. ചന്ദ്രോപരിതലത്തിലെ ഊഷ്‌മാവ് സംബന്ധിച്ച് ഒരു പഠനവും ഇതുവരെ നടന്നിട്ടില്ല. അതുകൊണ്ട് തന്നെയാണ് ശാസ്ത്ര ലോകം ചന്ദ്രയാനെ പ്രതീക്ഷയോടെ നോക്കി കാണുന്നത്.
ദൗത്യം നീണ്ടു നില്‍ക്കുക 14 ദിവസം (14 days mission) : ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി പേടകം ഇറങ്ങി കഴിഞ്ഞാല്‍ 14 ദിവസമാകും പര്യവേക്ഷണങ്ങള്‍ നീണ്ടു നില്‍ക്കുക. ചന്ദ്രനിലെ ഒരു ദിവസത്തിന്‍റെ ദൈര്‍ഘ്യമാണ് 14 ദിവസം. സോളാര്‍ എനര്‍ജിയിലാണ് എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.
ചന്ദ്രനിലെ സുര്യോദയ സമയത്താണ് ലാന്‍ഡര്‍ ഇറങ്ങുന്നതും റോവര്‍ പുറത്തു വരുന്നതും. അതുകൊണ്ട് തന്നെ ഈ 14 ദിവസത്തിനിടയില്‍ ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളും കൃത്യമായി നിരീക്ഷിക്കാന്‍ കഴിയും. ഊഷ്‌മാവില്‍ ഉണ്ടാകുന്ന മാറ്റം അടക്കം പരിശോധിക്കാനാണ് ശ്രമം. ഇത്തരത്തില്‍ ലോകത്തിന് തന്നെ നിര്‍ണായകമാകാവുന്നതും തുടര്‍ന്നുള്ള ബഹിരാകാശ പഠനത്തിന് ഏറെ സഹായകമാകാവുന്നതുമായ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് ഐഎസ്‌ആര്‍ഒ. ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണ് അതിനുള്ളത്.