ഭോപ്പാല്‍: കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ ആഞ്ഞടിക്കുകയാണ്. രോഗ വ്യാപനത്തിനൊപ്പം തൊഴില്‍ നഷ്ടവും ദാരിദ്ര്യവും വർധിച്ചു. ഉപജീവനമാര്‍ഗ്ഗം മുതല്‍ വിദ്യാഭ്യാസം വരെ നഷ്ടപ്പെട്ടവർ ഈ മഹാമാരി നല്‍കിയ ആഘാതവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാണ്. സ്‌കൂളുകള്‍ അടച്ചതോടെ വിദ്യാഭ്യാസം പൂർണമായും ഓൺലൈനായി. പക്ഷേ സമ്പന്നരായ കുട്ടികൾക്ക് മാത്രമാണ് ഓൺലൈൻ സമ്പ്രദായം ഉപയോഗിക്കാൻ കഴിയുന്നത്. ഗ്രാമങ്ങളിലെ ദരിദ്രരായ കുട്ടികളുടെ കാര്യം വളരെ കഷ്‌ടമാണ്. ഇത്തരം സാഹചര്യങ്ങളിലാണ് ചിലർ മിശിഹയെ പോലെ സഹായവുമായി എത്തുന്നത്.
ഇത് ചന്ദ്രഹാസ് ശ്രീവാസ്തവ.. ദരിദ്രരായ കുട്ടികൾക്ക് വീട്ടിലെത്തി വിദ്യാഭ്യാസം നല്‍കുന്ന അധ്യാപകൻ. മധ്യപ്രദേശിലെ സാഗർ എന്ന സ്ഥലത്ത് ചന്ദ്രഹാസ് ശ്രീവാസ്‌തവയും അദ്ദേഹത്തിന്‍റെ സ്‌കൂട്ടറും ചർച്ചാ വിഷയമാണ്.
ഇവിടുത്തെ സര്‍ക്കാര്‍ സ്‌കൂള്‍ അടച്ചു പൂട്ടിയപ്പോഴാണ് ചന്ദ്രഹാസ് സ്വന്തം സ്‌കൂട്ടറിലെത്തി കുട്ടികൾക്ക് ക്ലാസ് എടുത്തു നല്‍കി തുടങ്ങിയത്. ചന്ദ്രഹാസ് സ്വന്തം സ്‌കൂട്ടറില്‍ ഗ്രാമത്തിലെത്തുമ്പോൾ പഠിക്കാനായി എല്ലാ കുട്ടികളും ഒരു നിശ്ചിത സ്ഥലത്ത് ഒത്തുചേരും. ഇരിക്കാൻ പായും ചാക്കുമൊക്കെ കുട്ടികൾ കൊണ്ടുവരും. ക്ലാസെടുക്കുന്ന ചന്ദ്രഹാസിന്‍റെ മൊബൈല്‍ ഫോണിലേക്ക് കുട്ടികൾ ശ്രദ്ധയോടെ നോക്കിയിരിക്കും. വിവിധ തരത്തിലുള്ള കളികളും കായിക പ്രവർത്തനങ്ങളുമാണ് ചന്ദ്രഹാസിന്‍റെ പ്രധാന അധ്യാപന രീതി. അതുകൊണ്ടു തന്നെ കുട്ടികൾക്ക് പഠന രീതി വലിയ താല്‍പര്യമുള്ളതാണ്.
കുട്ടികളെ പഠിപ്പിക്കുന്നതിനിടയില്‍ വിദ്യാഭ്യാസത്തെ കുറിച്ച് ഗ്രാമത്തിലെ ജനങ്ങളുമായി അദ്ദേഹം സംസാരിക്കാറുണ്ട്. അങ്ങനെ വിദ്യാഭ്യാസം എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന കാര്യം ഗ്രാമീണര്‍ക്ക് അവരുടെ ഭാഷയില്‍ തന്നെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാൻ സാധിക്കും. കുട്ടികളെ പഠിപ്പിച്ചിരുന്ന വേദി സ്വന്തം കയ്യില്‍ നിന്നും പണം ചെലവഴിച്ച് സ്‌കൂളിലെ വേദി പോലെയാക്കി മാറ്റിയാണ് ചന്ദ്രഹാസ് പഠനം നടത്തുന്നത്. അതിന് ഗ്രാമീണരുടെ സഹായവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇപ്പോള്‍ ആ വേദിയിലാണ് ക്ലാസുകള്‍ നടക്കുന്നത്.
തങ്ങളുടെ കുട്ടികള്‍ക്ക് മുന്നില്‍ അവതരിച്ച ഒരു മിശിഹ തന്നെയായാണ് ഈ അധ്യാപകൻ എന്നാണ് ഗ്രാമത്തിലെ ജനങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നത്.