ന്യൂഡൽഹി : രാജ്യത്തെ പല ജില്ലകളിലും കൊവിഡ് വ്യാപനം തുടരുന്നത് കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 10 ശതമാനത്തിൽ താഴെയെത്തിയ്ക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്ന് നിര്‍ദേശിച്ചാണ് എഴുത്ത്.
15 സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കാണ് കേന്ദ്രം കത്തയച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ ടിപിആർ 10 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ കർശന നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ കത്തിൽ ആവശ്യപ്പെടുന്നു.
Also Read: കരാറിലെ ക്രമക്കേട് ; കൊവാക്‌സിൻ ഇറക്കുമതി നിർത്തിവച്ച് ബ്രസീൽ
കേരളം, ആന്ധ്രപ്രദേശ്, അസം, നാഗാലാൻഡ്, ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ്, മിസോറം, മേഘാലയ, ഒഡിഷ, പുതുച്ചേരി, പശ്ചിമ ബംഗാൾ, ത്രിപുര, സിക്കിം, മണിപ്പൂർ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കാണ് കത്ത്.
ഈ സംസ്ഥാനങ്ങളിലെ പല ജില്ലകളിലും ജൂൺ 21 മുതൽ 27 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ ടിപിആർ 10 ശതമാനത്തിൽ കൂടുതലാണെന്ന് കത്തിൽ പരാമർശിക്കുന്നു. ആർടിപിസിആർ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും നിർദേശമുണ്ട്.
Also Read: KERALA COVID CASES : സംസ്ഥാനത്ത് 13,658 പേർക്ക് കൂടി കൊവിഡ് ; 142 മരണം
രാജ്യത്താകെ പുതുതായി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ജില്ല തലത്തിലും സബ് ജില്ല തലത്തിലും ജാഗ്രത തുടരേണ്ടത് അനിവാര്യമാണെന്നും നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും രാജേഷ് ഭൂഷൻ വ്യക്തമാക്കി.