ഗ്വാളിയോര്‍: കാർഷിക നിയമങ്ങൾ പുനഃസ്ഥാപിക്കുന്ന പ്രസ്‌താവന തിരുത്തി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ. കേന്ദ്ര മന്ത്രിയുടെ പ്രസ്‌താവനക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തുകയും, അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം റദ്ദാക്കിയ കാർഷിക നിയമങ്ങൾ ഭേദഗതികളോടെ തിരികെ കൊണ്ടുവരാൻ ബിജെപി സർക്കാർ ശ്രമം നടത്തുന്നുവെന്ന് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ നിലപാട് മാറ്റം.
"ഞാനങ്ങനെ പറഞ്ഞിട്ടില്ല" എന്നാണ് വിവാദ പ്രസ്‌താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇന്ന് കേന്ദ്ര മന്ത്രി പ്രതികരിച്ചത്. "സർക്കാർ മികച്ച കാര്‍ഷിക നിയമങ്ങൾ ഉണ്ടാക്കിയതായി ഞാൻ പറഞ്ഞിരുന്നു. ചില കാരണങ്ങളാൽ ഞങ്ങൾ അവ പിന്‍വലിച്ചു. കർഷകരുടെ ക്ഷേമത്തിനായി സർക്കാർ പ്രവർത്തിക്കുന്നത് തുടരും" മന്ത്രി പറഞ്ഞു.
അതേസമയം വെള്ളിയാഴ്‌ച നാഗ്‌പൂരില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പുനഃസ്ഥാപിക്കുമെന്ന് തോമര്‍ പറഞ്ഞത്.
"ഞങ്ങൾ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ ചില ആളുകൾക്ക് ഇഷ്‌ടമായില്ല. പക്ഷെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യത്തിന് 70 വർഷങ്ങൾക്ക് ശേഷം നടപ്പിലാക്കിയ വലിയ വിപ്ലവമായിരുന്നു അത്.
എന്നാർ സർക്കാരിന് അതിൽ നിരാശയില്ല. തൽക്കാലം ഞങ്ങൾ ഒരു ചുവട് പിന്നോട്ടുവച്ചു. പക്ഷേ ഞങ്ങൾ വീണ്ടും അതുമായി മുന്നോട്ട് പോകും. കാരണം കർഷകർ ഇന്ത്യയുടെ നട്ടെല്ലാണ്. നട്ടെല്ല് ബലപ്പെട്ടാൽ രാജ്യം കൂടുതൽ ശക്തമാകും" തോമർ പറഞ്ഞു.
ഒരു വർഷത്തോളം നീണ്ട കർഷക പ്രക്ഷോഭങ്ങൾക്ക് ശേഷമാണ് മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത്. തുടര്‍ന്ന് നിയമം പിന്‍വലിക്കാനുള്ള ബില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും പാസാക്കുകയും രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്യുകയായിരുന്നു. സമരത്തിനിടെ ഒട്ടനവധി കർഷകർക്ക് തങ്ങളുടെ ജീവൻ നഷ്‌ടമായി.