ന്യൂഡൽഹി: വളർത്തു നായയ്ക്ക് നടക്കാൻ ഡൽഹിയിലെ സ്റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ദമ്പതികൾക്ക് സ്ഥലം മാറ്റം. ഐഎഎസ് ഓഫിസർ സഞ്ജീവ് ഖിർവാറിനെ ലഡാക്കിലേക്കും ഭാര്യ അനു ദുഗ്ഗയെ അരുണാചൽ പ്രദേശിലേക്കുമാണ് സ്ഥലംമാറ്റിയത്. ഡൽഹി റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയായ ഖിർവാറിനും ഭാര്യക്കും വളർത്തുനായക്കൊപ്പം സായാഹ്ന സവാരി നടത്താൻ ഡൽഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തിൽ കായികതാരങ്ങളുടെ പരിശീലന സമയം വെട്ടിക്കുറച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു.
സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം ഡൽഹി ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിരുന്നു. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരായ നടപടി. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഡൽഹി സർക്കാരിന് കീഴിലുള്ള ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാളും 1994 ബാച്ചിലെ എജിഎംയുടി കേഡറിൽ നിന്നുള്ള ഉദ്യോഗസ്ഥനുമാണ് ഖിർവാർ. പരിസ്ഥിതി വകുപ്പിന്‍റെയും കൂടി സെക്രട്ടറിയാണ് അദ്ദേഹം. ഡൽഹി സർക്കാരിന് കീഴിൽ ലാൻഡ് ആൻഡ് ബിൽഡിങ് സെക്രട്ടറിയാണ് ദുഗ്ഗ.
സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന കായികതാരങ്ങളോടും പരിശീലകരോടും പതിവിലും നേരത്തെ, വൈകുന്നേരം ഏഴ് മണിക്ക് തന്നെ പരിശീലനം പൂർത്തിയാക്കാൻ ആവശ്യപ്പെട്ടതാണ് വിവാദങ്ങൾക്ക് തുടക്കം. ഇതിനെതിരെ താരങ്ങളും പരിശീലകരും എതിർപ്പുമായി രംഗത്തെത്തിയിരുന്നു. എന്നാൽ കായിക താരങ്ങളുടെ ആരോപണം സ്റ്റേഡിയം അഡ്‌മിനിസ്ട്രേറ്റർ അജിത് ചൗധരി നിഷേധിച്ചു. കായിക താരങ്ങൾക്ക് പരിശീലനത്തിനുള്ള ഔദ്യോഗിക സമയം വൈകിട്ട് ഏഴ് മണി വരെയാണെന്നും അതിനുശേഷം കായികതാരങ്ങളും പരിശീലകരും മൈതാനം വിട്ടുപോകുമെന്നുമായിരുന്നു അജിത് ചൗധരിയുടെ വിശദീകരണം.
ഐഎഎസ് ദമ്പതികളുടെ നടപടികൾ വിവാദമായതോടെ തലസ്ഥാനത്തെ എല്ലാ സ്റ്റേഡിയങ്ങളും കായിക താരങ്ങൾക്കും പരിശീലകർക്കും വേണ്ടി രാത്രി 10 മണി വരെ തുറന്നുകൊടുക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉത്തരവിട്ടു.