ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെതിരെ കേന്ദ്രം ജനങ്ങളുടെ ആഗ്രഹം കണക്കിലെടുക്കണമെന്ന് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്‍റ് ഒമർ അബ്‌ദുള്ള. ജനാധിപത്യത്തിന്‍റെ വിജയമാണ് ജില്ലാ വികസന കൗൺസിൽ തെരഞ്ഞെടുപ്പിൽ (ഡിഡിസി) ദൃശ്യമായതെന്നും പീപ്പിൾസ് അലയൻസ് ഫോർ ഗുപ്‌കർ ഡിക്ലറേഷനെ (പിഎജിഡി) പിന്തുണച്ചുകൊണ്ട് ജനങ്ങൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയെന്നും അദ്ദേഹം കൂട്ടിചേർത്തു. ഡിഡിസി തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്ര ഭരണ പ്രദേശത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത കാലത്തൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിഡിസി തെരഞ്ഞെടുപ്പിൽ സഖ്യത്തിനായി പാർട്ടി നിരവധി ത്യാഗങ്ങൾ ചെയ്‌തുവെന്നും സീറ്റ് പങ്കിടൽ ക്രമീകരണത്തിൽ തന്‍റെ സഹപ്രവർത്തകരിൽ പലരും സന്തുഷ്‌ടരല്ലെന്നും അദ്ദേഹം പറഞ്ഞു. സഖ്യത്തിൽ മത്സരിക്കാതിരുന്നെങ്കിൽ തങ്ങൾക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുമായിരുന്നു. പക്ഷേ, ഒരു വലിയ ലക്ഷ്യം നേടുന്നതിന്, ചെറുതോ വലുതോ ആയ ത്യാഗങ്ങൾ ചെയ്യേണ്ടതുണ്ട്. തങ്ങളുടെ വ്യത്യാസങ്ങൾ മാറ്റിനിർത്തി നമ്മുടെ സ്വത്വത്തിനായി ഒരൊറ്റ വേദിയിൽ വരേണ്ടത് തങ്ങളുടെ കടമയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
276 ൽ 110 സീറ്റുകൾ നേടി ഏഴ് കക്ഷികളുള്ള പിഎജിഡി കന്നി തെരഞ്ഞെടുപ്പിൽ തന്നെ വിജയിച്ചിരുന്നു. അതേസമയം, ജമ്മു കശ്‌മീരിൽ ഏറ്റവും അധികം വോട്ട് വിഹിതം നേടി 74 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറുകയും ചെയ്‌തിരുന്നു.