ന്യൂഡൽഹി : കാണാതായ കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള കുടുംബ പെൻഷൻ നിയമങ്ങളിൽ ഇളവ് വരുത്തി കേന്ദ്ര സർക്കാർ. തീവ്രവാദ ബാധിത പ്രദേശങ്ങളായ ജമ്മു കശ്‌മീർ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, നക്‌സൽ സാന്നിധ്യമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സേവനമനുഷ്‌ഠിച്ച, കാണാതായ കേന്ദ്ര സർക്കാർ ജീവനക്കാരുടെ കുടുംബ പെൻഷനുള്ള നിയമങ്ങളിലാണ് പ്രധാനമായും ഇളവ് വരുത്തിയിരിക്കുന്നത്.
ദേശീയ പെൻഷൻ സമ്പ്രദായം പരിരക്ഷിക്കപ്പെടുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനെ സേവനത്തിനിടെ കാണാതാകുന്ന സാഹചര്യങ്ങളിൽ, കുടുംബ പെൻഷന്‍റെ ആനുകൂല്യങ്ങൾ കുടുംബത്തിന് ഉടനടി നൽകുമെന്ന് പുതിയ വിജ്ഞാപനത്തിൽ പറയുന്നു. കാണാതായ വ്യക്തി തിരികെ വരികയും സേവനം പുനരാരംഭിക്കുകയും ചെയ്‌താൽ കാണാതായ കാലയളവിൽ നൽകിയ കുടുംബ പെൻഷനായി നൽകിയ തുക ശമ്പളത്തിൽ നിന്ന് ഈടാക്കും.
മുൻപത്തെ ചട്ടം അനുസരിച്ച് കാണാതായ വ്യക്തി മരിച്ചതായി പ്രഖ്യാപിക്കുന്നതുവരെയോ കാണാതായി ഏഴ് വർഷം കഴിയുന്നതുവരെയോ അടുത്ത ബന്ധുവിന് കുടുംബ പെൻഷൻ ലഭിച്ചിരുന്നില്ല. പെൻഷൻ നിയമത്തിലുണ്ടായ ഇളവുകൾ സംബന്ധിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് പ്രഖ്യാപനം നടത്തിയത്.
സർക്കാർ ജീവനക്കാരെ കാണാതാകുന്ന സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളിൽ നിയമങ്ങളിലുണ്ടായ ഇളവ് വലിയ ആശ്വാസം നൽകുമെന്ന് മന്ത്രി പറഞ്ഞു. അക്രമസാധ്യതയുള്ള പ്രദേശങ്ങളിൽ ജോലിചെയ്യുന്ന കേന്ദ്രസർക്കാർ ജീവനക്കാരെ തട്ടിക്കൊണ്ടുപോയ സംഭവങ്ങളെ തുടർന്നാണ് പെൻഷൻ ചട്ടങ്ങളിൽ മാറ്റം വരുത്തിയത്. സർക്കാർ ജീവനക്കാരിൽ ആത്മവിശ്വാസം വളർത്തുന്നതിനും അവരുടെ കുടുംബ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമാണ് ഈ നീക്കമെന്നും മന്ത്രി പറഞ്ഞു.
1972ലെ സി.സി.എസ് (പെൻഷൻ) റൂൾസ് പരിധിയിൽ വരുന്ന ഒരു സർക്കാർ ജീവനക്കാരനെ കാണാതായാൽ, 2013 ജൂൺ 25ന് പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്കനുസൃതമായി ശമ്പള കുടിശ്ശിക, കുടുംബ പെൻഷൻ, റിട്ടയർമെന്‍റ് ഗ്രാറ്റുവിറ്റി, ലീവ് എൻകാഷ്‌മെന്‍റ് എന്നിവയുടെ ആനുകൂല്യങ്ങൾ കാണാതായ ജീവനക്കാരുടെ കുടുംബങ്ങൾക്ക് നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.
സർക്കാർ ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് പേഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പ്, ഫിനാൻഷ്യൽ സർവീസസ് വകുപ്പ്, എക്‌സ്‌പെൻഡിച്ചർ വകുപ്പ് എന്നിവയുമായി കൂടിയാലോചിച്ചാണ് തീരുമാനമെന്നും ജിതേന്ദ്ര സിങ്.