ന്യൂഡല്‍ഹി: ശക്തമായ കൊവിഡ് വ്യാപനം നടക്കുന്നതിനിടെ ഓക്‌സിജന്‍റെ കയറ്റുമതി 700 ശതമാനം വർധിപ്പിച്ചതായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഓക്സിജന്‍റെ അഭാവം രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നു. ടാങ്കറുകള്‍ വഴി ഓക്സിജൻ വിതരണം ചെയ്യാന്‍ സർക്കാർ ഒരുക്കങ്ങൾ നടത്താതെയിരുന്നത് കൊവിഡിനെ തുടര്‍ന്നുള്ള മരണം സംഭവിക്കുന്നതിനിടെയാക്കിയെന്ന് പ്രിയങ്ക പറഞ്ഞു.
'പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ ഒന്നും ചെയ്തില്ല'
ഓക്സിജന്‍റെ അഭാവം മൂലം രാജ്യത്ത് മരണം സംഭവിച്ചിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ വാദം. ഇതിനെതിരായാണ് കോൺഗ്രസ് ദേശീയ നേതാവ് ട്വീറ്റിലൂടെ പ്രതികരിച്ചത്. ആരോഗ്യ വിദഗ്ധരും പാർലമെന്‍ററി കമ്മിറ്റിയും മുന്നോട്ടുവെച്ച നിര്‍ദേശം സര്‍ക്കാര്‍ അവഗണിയ്ക്കുകയാണുണ്ടായത്. ഓക്സിജൻ നൽകാൻ ഒരു ക്രമീകരണവും ഏർപ്പെടുത്തിയില്ല. ആശുപത്രികളിൽ ഓക്സിജൻ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിൽ ഒരു പ്രവർത്തനവും നടന്നില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
'സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും റിപ്പോര്‍ട്ടുകള്‍ തന്നില്ല'
കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് ഓക്സിജൻ ലഭ്യതക്കുറവ് മൂലം റോഡുകളിലും ആശുപത്രികളും എത്രപേര്‍ മരിച്ചുവെന്ന് പാർലമെന്‍റ് മൺസൂൺ സെഷനിൽ കോൺഗ്രസ് എം.പി കെ.സി. വേണുഗോപാൽ ചോദ്യമുന്നയിച്ചിരുന്നു. ഇതിനുമറുപടിയായി, സംസ്ഥാനങ്ങളില്‍ നിന്നോ കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നോ ഓക്‌സിജന്‍ ക്ഷാമം മൂലം മരണമുണ്ടായി എന്ന റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ പാര്‍ലമെന്‍റില്‍ ഉത്തരം നല്‍കിയത്.
ALSO READ: കല്യാൺ സിങ്ങിന്‍റെ ആരോഗ്യനില ഗുരുതരമെന്ന് ആശുപത്രി അധികൃതർ