ന്യൂഡൽഹി : വോട്ടർ ഐഡി ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടി കേന്ദ്ര സർക്കാർ. ഒരു വർഷത്തേക്കാണ് സമയപരിധി നീട്ടിക്കൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതോടെ 2024 മാർച്ച് 31വരെ വോട്ടർ ഐഡി ആധാർ കാർഡുമായി ബന്ധിപ്പിക്കാം. ഇതിനായുള്ള സമയ പരിധി വരുന്ന ഏപ്രിൽ ഒന്നിന് അവസാനിക്കാനിരിക്കെയാണ് പുതിയ വിജ്ഞാപനം.
വോട്ടർപട്ടികയിലെ വിവരങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനും, ഒരു വ്യക്‌തിയുടെ പേര് ഒന്നിലധികം മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ വരുന്നുണ്ടോയെന്നും, ഒരേ നിയോജക മണ്ഡലത്തിൽ ഒന്നിലധികം തവണ രജിസ്റ്റർ ചെയ്‌തിട്ടുണ്ടോ എന്നും അറിയുന്നതിനാണ് വോട്ടർ ഐഡിയും ആധാറാർ കാർഡും ബന്ധിപ്പിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ അറിയിച്ചിരുന്നു.
വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ചട്ടങ്ങളിലും നിയമങ്ങളിലും വരുത്തിയ ഭേദഗതികളുടെ പശ്ചാത്തലത്തിലായിരുന്നു വോട്ടര്‍മാര്‍ക്ക് അവരുടെ ആധാര്‍ വിവരങ്ങൾ വോട്ടര്‍ പട്ടികയുമായി ലിങ്ക് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയത്. എന്നാല്‍ ആധാര്‍ നമ്പര്‍ നല്‍കിയില്ല എന്ന കാരണത്താല്‍ ഒരു വോട്ടറുടെ പേരും പട്ടികയില്‍ നിന്ന് നീക്കം ചെയ്യില്ലെന്നും കമ്മിഷൻ വ്യക്‌തമാക്കിയിരുന്നു.
ഓണ്‍ലൈനായോ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വഴിയോ ആധാര്‍ വോട്ടർ ഐഡിയുമായി ലിങ്ക് ചെയ്യാം. ഇതിനുള്ള 6 ബി ഫോമുമായി ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ ഭവന സന്ദര്‍ശനം നടത്തും. ഇപ്രകാരം വോട്ടര്‍ പട്ടികയുമായി ബന്ധപ്പെടുത്തുന്ന ആധാര്‍ നമ്പര്‍ പട്ടികയില്‍ പ്രസിദ്ധീകരിക്കില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ വ്യക്തമാക്കിയിരുന്നു.
വർഷത്തിൽ നാല് തവണ പട്ടിക പുതുക്കും : അതേസമയം വര്‍ഷത്തില്‍ നാല് തവണ വോട്ടര്‍ പട്ടിക പുതുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നു. സാധാരണയായി ജനുവരി മാസം ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് മാത്രമാണ് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസരമുണ്ടായിരുന്നത്. എന്നാൽ ഇനി മുതല്‍ ജനുവരി ഒന്നിന് പുറമേ ഏപ്രില്‍ 1, ജൂലൈ 1, ഒക്‌ടോബര്‍ 1 തീയതികളില്‍ 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.
ഈ ദിവസങ്ങളില്‍ 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് മുന്‍കൂറായി പേര് ചേര്‍ക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാം. 17 വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് മുന്‍കൂറായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷിക്കാമെങ്കിലും അവര്‍ക്ക് 18 വയസ് പൂര്‍ത്തിയായ ശേഷം മാത്രമേ വോട്ടര്‍ പട്ടികയില്‍ ഇടം ലഭിക്കുകയുള്ളൂ.
പ്രചാരണം, പ്രതിഷേധം : വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കുന്നതിനായി രജിസ്റ്റർ ചെയ്‌ത വോട്ടർമാരിൽ നിന്ന് ആധാർ നമ്പർ ശേഖരിക്കുന്നതിനുള്ള പ്രചാരണം 2022 ആഗസ്റ്റ് 1ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചിരുന്നു. 2022 ഡിസംബർ 15-ന് നൽകിയ വിവരാവകാശ മറുപടിയിൽ ഡിസംബർ 12 വരെ 54.32 കോടി ആധാർ നമ്പറുകൾ ശേഖരിച്ചതായും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നു.
എന്നാൽ ആധാർ കാർഡും വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നത് സ്വകാര്യതയ്ക്കും തുല്യതയ്ക്കുമുള്ള അവകാശങ്ങളുടെ ലംഘനമാണെന്ന് കാട്ടി കോണ്‍ഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. എന്നാല്‍ ആധാറും വോട്ടര്‍ പട്ടികയും ബന്ധിപ്പിക്കുന്നതില്‍ സുരക്ഷ പ്രശ്‌നങ്ങളില്ലെന്നും ആധാര്‍ വിവരങ്ങള്‍ പൊതു സമക്ഷത്തില്‍ ലഭ്യമാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്‌തമാക്കിയിരുന്നു.