ന്യൂഡൽഹി: ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച് സുപ്രീം കോടതിയില്‍ വന്ന ഹർജിയിലെ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണത്തെ വിമര്‍ശിച്ച് ഹർജിക്കാരി. ജനസംഖ്യ ഉയരുന്നത് തടയേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്ന് ഹർജിക്കാരിയായ അഭിഭാഷക അശ്വിനി ഉപാധ്യായ കോടതിയെ അറിയിച്ചു.
ഇന്ത്യയിലെ ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് ആരോഗ്യമന്ത്രാലയം സത്യവാങ്മൂലം സമര്‍പ്പിച്ചതിന് പിന്നാലെയാണ് അശ്വിനി ഉപാധ്യായ മറുപടി നൽകിയത്. ജനസംഖ്യ നിയന്ത്രിക്കാൻ ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്നും അശ്വിനി ഉപാധ്യായ സുപ്രീംകോടതിയെ അറിയിച്ചു.
ആരോഗ്യ മന്ത്രാലയം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ, കുടുംബാസൂത്രണം നടപ്പിലാക്കാൻ ജനങ്ങളെ നിർബന്ധിക്കാൻ കഴിയില്ലെന്നും, അത്തമൊരു നിർബന്ധിത നടപടിയും സ്വീകരിക്കില്ലെന്നും പറയുന്നു.
also read: രാജ്യത്ത് ജനസംഖ്യ നിയന്ത്രണ ഓർഡിനൻസ് കൊണ്ടുവരണം: അശ്വിനി ഉപാധ്യായ
എന്നാൽ മലിനീകരണം ജലക്ഷാമം, വനനശീകരണം, ഭക്ഷ്യ ക്ഷാമം എന്നിങ്ങനെയുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ജനസംഖ്യാ വർധനവാണെന്ന് അശ്വിനി ഉപാധ്യായ കോടതിയെ അറിയിച്ചു. രാജ്യത്തെ 80 ശതമാനം കുറ്റവാളികളും 'രണ്ട് കുട്ടികൾ' എന്ന നയം പാലിക്കാത്ത കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്നും ഒരു സർവേ ഉദ്ധരിച്ച് അശ്വിനി കോടതിയെ അറിയിച്ചു.
ബോംബ് സ്ഫോടനത്തേക്കാൾ ഗുരുതരമാണ് ജനസംഖ്യാ വിസ്ഫോടനം. ഫലപ്രദമായ ജനസംഖ്യാ നിയന്ത്രണ നടപടികൾ നടപ്പാക്കാതെ രാജ്യത്ത് ഒരു വികസന പദ്ധികളും വിജയിക്കില്ലെന്നും അശ്വിനി നല്‍കിയ മറുപടിയില്‍ പറയുന്നു.
തുടര്‍ച്ചയായി കുട്ടികള്‍ക്ക് ജന്മം നൽകുന്നതിലൂടെ സ്‌ത്രീകളും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് അശ്വിനിയുടെ റിപ്പോർട്ടിൽ പറയുന്നു. അമ്മമാര്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ അവർക്കുണ്ടാകുന്ന കുട്ടികളെയും ബാധിക്കുന്നുണ്ട്. കുട്ടികള്‍ മാസം തികയാതെ പ്രസവിക്കുന്നു, ഭാരക്കുറവ്, പോഷകാഹാരക്കുറവ്, വിളർച്ച തുടങ്ങിയ പ്രശ്നങ്ങൾ കുട്ടികളെയും ദോഷമായി ബാധിക്കുന്നുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു. കേസ് ജൂലൈ അഞ്ചിന് വീണ്ടും പരിഗണിക്കും.