ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനായി ഡിസംബർ നാലിന് സർവകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി. വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം നടക്കുക. കൊവിഡ് വാക്സിന്‍ ഗവേഷണത്തിലും നിര്‍മാണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന രാജ്യത്തെ മൂന്ന് സ്ഥാപനങ്ങളിലെ ഗവേഷകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറൻസിലൂടെ കൂടികാഴ്‌ച നടത്തിയിരുന്നു.
നവംബർ 24ന് കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി യോഗം ചേർന്നിരുന്നു. അതേ സമയം ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷം പിന്നിട്ടു. 24 മണിക്കൂറിൽ 38,772 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് 4,46,952 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 88,47,600 പേർ രോഗമുക്തി നേടിയപ്പോൾ ആകെ 1,37,139 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.