മുംബൈ: ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്സിനായ കൊവാക്സിൻ നിർമ്മിക്കാൻ കേന്ദ്ര സർക്കാർ മുംബൈ ആസ്ഥാനമായുള്ള ഹാഫ്കൈൻ ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി നൽകി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നേരത്തെ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോടെക്നോളജി കമ്പനിയാണ് നിലവില്‍ ഈ വാക്സിന്‍ നിര്‍മ്മിക്കുന്നത്.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി രേണു സ്വരൂപ് മഹാരാഷ്ട്ര ചീഫ് സെക്രട്ടറി സീതാറാം കുന്തയ്ക്ക് അനുമതി കത്ത് അയച്ചതായി അധികൃതർ അറിയിച്ചു. കൊവാക്സിൻ ഉൽപാദനത്തിനായി ഹാഫ്‌കൈൻ ബയോ ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കാനുള്ള അഭ്യർഥനയ്ക്ക് കേന്ദ്രം അംഗീകാരം നൽകിയതായി രേണു സ്വരൂപ് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
ഉല്‍പാദനം നടത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് ഒരു വർഷത്തെ കാലാവധിയാണ് അനുവദിച്ചിരിക്കുന്നത്. അതനുസരിച്ച്, നിർദിഷ്ട സമയപരിധിക്കുള്ളിൽ ഉൽപാദനം നിരീക്ഷിക്കാനും നടപ്പാക്കാനും ഒരു മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.