ന്യൂഡൽഹി: രാജ്യത്തെ വാക്‌സിൻ ക്ഷാമം നേരിടാനായി കൂടുതൽ കൊവാക്‌സിൻ നിർമിക്കാനായി മറ്റ് കമ്പനികളെ ക്ഷണിച്ച് ഭാരത് ബയോടെക്കും കേന്ദ്ര സർക്കാരും. ബയോസേഫ്റ്റി മൂന്ന് തലത്തിലുള്ള ലാബുകളിൽ മാത്രമെ കൊവാക്‌സിൻ നിർമിക്കാൻ സാധിക്കുകയുള്ളു എന്ന് നീതി ആയോഗ് അംഗം ഡോയ വി.കെ. പോൾ പറഞ്ഞു. ജീവനുള്ള കൊറോണ വൈറസിനെ നിർവീര്യമാക്കിയ ശേഷമാണ് കൊവാക്‌സിൻ നിർമിക്കുന്നത്. ഇതിനായി ബയോസേഫ്റ്റി 3 തലത്തിലുള്ള ലാബുകൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ കമ്പനികൾക്കും ഇത്തരത്തിലുള്ള ലാബ് ഇല്ലെന്നും ലാബ് സൗകര്യമുള്ള താത്പര്യമുള്ള കമ്പനികൾക്ക് സ്വാഗതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ 45 വയസിന് മുകളിൽ പ്രായമുള്ള മൂന്നിലൊന്ന് ആളുകളിലേക്കും വാക്‌സിൻ എത്തിയിട്ടുണ്ടെന്നും ഡോ. പോൾ അറിയിച്ചു. ഇന്ത്യയിലെ കൊവിഡ് മരണങ്ങളിൽ 88 ശതമാനവും 45 വയസിന് മുകളിൽ പ്രായമുള്ളവരാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് 18 കോടി പേർക്ക് വാക്‌സിൻ നൽകി കഴിഞ്ഞിട്ടുണ്ട്. അതേസമയം യുഎസിൽ ഇത് 26 കോടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: കൊവിഷീല്‍ഡ് ഡോസുകളുടെ ഇടവേള നീട്ടണം: നിര്‍ദേശവുമായി വിദഗ്‌ദ സമിതി
രാജ്യത്ത് ഇന്ന് 3,62,727 പുതിയ കൊവിഡ് കേസുകളും 4,120 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്. 3,52,181 പേർ ഇന്ന് രോഗമുക്തരായി. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,37,03,665 ആയി ഉയർന്നു. 2,58,317 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ രാജ്യത്ത് 37,10,525 സജീവ കൊവിഡ് രോഗികളാണുള്ളത് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് ഇതുവരെ 17,72,14,256 ഡോസ് വാക്‌സിനാണ് കുത്തിവെച്ചത്.