ന്യൂഡൽഹി : 10 ലക്ഷം കൊവിഷീൽഡ് ഡോസുകൾ വാങ്ങാൻ കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ലിമിറ്റഡിന് കേന്ദ്ര അനുമതി. സ്വകാര്യ മേഖല ക്വാട്ടയിലെ 25 ശതമാനമാണ് സംസ്ഥാനത്തിന് ലഭിക്കുക. കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ തിങ്കളാഴ്‌ച ഇക്കാര്യം പുറത്തുവിടുകയായിരുന്നു.
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓഗസ്റ്റ് മാസം ആദ്യം സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ (എസ്.ഐ.ഐ) സംസ്ഥാനം സമീപിച്ചിരുന്നു. എസ്.ഐ.ഐയുടെ സര്‍ക്കാര്‍ നിയന്ത്രണ കാര്യ ഡയറക്ടർ പ്രകാശ് കുമാർ സിങ് ഇതിനായി ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും കേരളത്തിനുള്ള അനുമതി തേടുകയും ചെയ്‌തു.
കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തില്‍
ഡോസിന് 630 രൂപ നിരക്കിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാങ്ങാനുള്ള അനുമതിയാണ് കെ.എം.എസ്.സി.എലിന് ലഭിച്ചത്. അതേസമയം, സംസ്ഥാനത്തെ കൊവിഡ് വ്യാപനം പരിശോധിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് അവലോകനയോഗം ചേര്‍ന്നു.
മസ്‌കറ്റ് ഹോട്ടലിലായിരുന്നു യോഗം. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി വീണ ജോര്‍ജ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ALSO READ: കൊവിഡ് : കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം തുടങ്ങി