ന്യൂഡൽഹി : ജമ്മു കശ്‌മീരിൽ (Jammu Kashmir) എപ്പോൾ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ (Central Government On Jammu Kashmir Election) സുപ്രീംകോടതിയെ അറിയിച്ചു. സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 (Article 370) റദ്ദാക്കിയത് ചോദ്യംചെയ്‌തുള്ള ഒരു കൂട്ടം ഹർജികൾ കോടതി പരിഗണിക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ നിലപാടറിയിച്ചത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള, ജസ്റ്റിസുമാരായ എസ്‌കെ കൗൾ, സഞ്ജീവ് ഖന്ന, ബിആർ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
അതേസമയം, സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി പുനസ്ഥാപിക്കുന്നതിനുള്ള (Restoring Statehood For J&K) സമയപരിധി വ്യക്തമാക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. പദവി തിരിച്ചുനൽകാനുള്ള നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും കുറച്ചുകൂടെ സമയം ആവശ്യമാണെന്നും കേന്ദ്രം വ്യക്തമാക്കി. ജമ്മു കശ്‌മീരിൽ തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറാണെന്ന് കേന്ദ്രത്തെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് (Solicitor General Tushar Mehta) അറിയിച്ചത്.
വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെ പല ജോലികളും പുരോഗമിക്കുകയാണെന്നും ജില്ല വികസന കൗൺസിൽ തെരഞ്ഞെടുപ്പ് ഇതിനകം നടന്നിട്ടുണ്ടെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഉടൻ നടക്കുമെന്നും മേത്ത കോടതിയെ അറിയിച്ചു. നിലവിൽ ലേ ഹിൽ ഡെവലപ്‌മെന്‍റ് കൗൺസിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതായും കാർഗിലിലേക്കുള്ള തെരഞ്ഞെടുപ്പ് വരുന്ന സെപ്‌റ്റംബറിൽ നടക്കുമെന്നും മേത്ത പറഞ്ഞു.
തെരഞ്ഞെടുപ്പ് നടത്താനുള്ള അനുകൂല ഘടകങ്ങൾ : സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി ഒഴിവാക്കിയതിന് പിന്നാലെ തീവ്രവാദ സംഭവങ്ങൾ 45 ശതമാനവും സംസ്ഥാനത്തേയ്‌ക്കുള്ള നുഴഞ്ഞുകയറ്റം 90.2 ശതമാനവും സുരക്ഷ ഉദ്യോഗസ്ഥർക്കുണ്ടാകുന്ന അപകടങ്ങൾ 65.9 ശതമാനവും കല്ലേറ് 97 ശതമാനവും കുറഞ്ഞു. ഇതെല്ലാം തെരഞ്ഞെടുപ്പ് നടത്താനുള്ള അനുകൂല ഘടകങ്ങളാണെന്നും മേത്ത ചൂണ്ടിക്കാട്ടി.
അതേസമയം, ആർട്ടിക്കിൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇത്തരം വസ്‌തുതകൾക്ക് യതൊരു ബന്ധവുമില്ലെന്ന് ചീഫ് ജസ്‌റ്റിസ് വ്യക്തമാക്കി. ജമ്മു കശ്‌മീരിന്‍റെ സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിനുള്ള റോഡ്‌മാപ്പ് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ മറുപടി നൽകിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് ഹർജിക്കാരനെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനോട് (Kapil Sibal) അറിയിച്ചു.
5,000 പേരെ വീട്ടുതടങ്കലിലായിരിക്കുകയും സംസ്ഥാനത്തുടെനീളം 144 ഏർപ്പെടുത്തുകയും ചെയ്‌ത സാഹചര്യം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയ കപിൽ സിബൽ മേത്ത നൽകിയ വസ്‌തുതകൾ പരിഗണിക്കരുതെന്നും കോടതിയോട് അഭ്യർഥിച്ചു.