ന്യൂഡല്‍ഹി: ആഗോളതലത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ ശക്തമാക്കാന്‍ നിര്‍ദേശിച്ച് കേന്ദ്രം. കൊവിഡിനെതിരെയുള്ള പ്രതിരോധത്തിന് ഫെയ്‌സ് മാസ്‌ക് ധരിക്കുന്നതിനെക്കുറിച്ചും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചും അവബോധം സൃഷ്‌ടിക്കാന്‍ ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചത്. വരാനിരിക്കുന്ന ഉത്സവങ്ങളും പുതുവര്‍ഷങ്ങളും പ്രമാണിച്ച് ജാഗ്രത ശക്തമാക്കണമെന്നും മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.
വരാനിരിക്കുന്ന ഉത്സവങ്ങളും പുതുവത്സരാഘോഷങ്ങളും കണക്കിലെടുത്ത് ശാരീരിക അകലം പാലിക്കുന്നതിനൊപ്പം മാസ്‌കുകളുടെ ഉപയോഗം, കൈകളുടെ ശുചിത്വം എന്നിവ തുടങ്ങി കൊവിഡിനെ ചെറുക്കുന്ന പെരുമാറ്റം സ്വീകരിക്കാന്‍ സമൂഹത്തെ അവബോധിപ്പിക്കണമെന്ന് മന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ നിയന്ത്രണങ്ങളും നടപടികളും ഏറ്റെടുക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്.
വൈറസിന്‍റെ തുടർച്ചയായി വികസിക്കുന്ന സ്വഭാവം ആഗോള ആരോഗ്യത്തിന് ഭീഷണിയും എല്ലാ രാജ്യങ്ങളെയും ബാധിക്കുന്ന തരത്തിലുമാണ്. ലോകമെമ്പാടും പ്രതിദിനം ശരാശരി 5.87 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യയിൽ ശരാശരി 153 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പുതിയ വകഭേദങ്ങളെ സമയബന്ധിതമായി കണ്ടെത്തുന്നതിന് എല്ലാ പോസിറ്റീവ് കേസുകളുടെയും ജീനോം സീക്വൻസിങ് വർധിപ്പിക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൊവിഡ് വാക്‌സിന്‍റെ മുന്‍കരുതല്‍ ഡോസ് വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അവയെക്കുറിച്ച് അവബോധം വളര്‍ത്തിയിട്ടുണ്ടെന്നും അറിയിച്ച മന്ത്രി ഇവ ശരിയായി നടപ്പിലാകുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ വകഭേദങ്ങള്‍ രാജ്യത്തിലേക്ക് കടക്കുന്നതിനെ പ്രതിരോധിക്കാന്‍ വിമാനത്താവളങ്ങളില്‍ അന്താരാഷ്‌ട്ര യാത്രക്കാരുടെ റാണ്ടം സാമ്പിളിങ് ഇന്ന് മുതല്‍ ആരംഭിച്ചിട്ടുള്ളതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.