ന്യൂഡൽഹി: കൊവിഡ് കേസുകൾ വർധിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ രാജ്യ തലസ്ഥാനത്ത് ആഘോഷങ്ങൾ നടത്തുന്നതിന് മാനദണ്ഡങ്ങൾ നിർദേശിച്ച് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. ഹോളി, നവരാത്രി, ഷാബ്-ഇ-ബരാത്ത് ദിനങ്ങളിലുള്ള രാത്രി ആഘോങ്ങൾ ഒഴിവാക്കാനും പൊതു സ്ഥലങ്ങളിലുള്ള ഒത്തുകൂടലുകൾ നടത്താതിരിക്കാനുമാണ് നിർദേശം.
ഇതിന്‍റെ ഭാഗമായി ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം ജില്ലാ മജിസ്‌ട്രേറ്റിന് കീഴിലുള്ള വിജിലൻസ് സംഘം പൊതുസ്ഥലങ്ങളിലെ സമ്മേളനങ്ങളും ആഘോഷങ്ങളും നിരീക്ഷിക്കും. വീടുകൾക്കുള്ളിൽ ഉത്സവങ്ങൾ ആഘോഷിക്കണമെന്നും സ്ഥിതിഗതികൾ മെച്ചപ്പെട്ടുകഴിഞ്ഞാൽ നമുക്ക് വരും കാലങ്ങളിൽ പഴയ പ്രൗഡിയിൽ ആഘോഷിക്കാമെന്നും സത്യേന്ദർ ജെയിൻ പറഞ്ഞു.