ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള വിവിധ ഫാർമ കമ്പനികൾ നിർമിച്ച 59 മരുന്നുകൾ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ). ഇന്ത്യയിലെ പ്രമുഖ ഡ്രഗ് റെഗുലേറ്ററാണ് സിഡിഎസ്‌സിഒ. ഫെബ്രുവരിയിൽ 1,251 മരുന്നുകളുടെ സാമ്പിൾ സിഡിഎസ്‌സിഒ പരിശോധിച്ചിരുന്നു. ഇതിൽ 1,192 മരുന്നുകൾ നിലവാരമുള്ളതും 59 മരുന്നുകൾ നിലവാരം കുറഞ്ഞതുമാണെന്ന് കണ്ടെത്തി.
ഏഴ് റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിങ് ലബോറട്ടറികളിലും (ആർഡിടിഎൽ) രാജ്യത്തുടനീളമുള്ള സെൻട്രൽ ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറികളിലുമാണ് (സിഡിടിഎൽ) മരുന്നുകൾ പരിശോധിച്ചത്. ആർഡിടിഎൽ ഗുവാഹത്തിയിൽ 16 മരുന്നുകളും, കൊൽക്കത്ത ആസ്ഥാനമായ ആർഡിടിഎൽ 29 മരുന്നുകളും ചെന്നൈ ആർഡിടിഎൽ മൂന്ന് മരുന്നുകളും പരിശോധിച്ച് ഗുണനിലവാരമില്ലെന്ന് കണ്ടത്തി. മുംബൈ സിഡിടിഎൽ നാല് മരുന്നുകളും ഹൈദരാബാദ് സിഡിടിഎൽ നാല് മരുന്നുകളും ചണ്ഡീഗഡ് സിഡിടിഎൽ നാല് മരുന്നുകളും ഗുണനിലവാരമില്ലെന്ന് കണ്ടത്തി.
OMICERR -20 (Omeprazole Capsules IP), ലെവോസെട്രിസിൻ ടാബ്‌ലെറ്റ്സ് ഐപി ലെവോടാക് (Levocetirizine tablets IP Levotac), ലെവോസെട്രിസിൻ ഡൈഹൈഡ്രോക്ലോറൈഡ് സിറപ്പ് 30എംഎൽ, 500 എംഎൽ (Levocetirizine Dihydrochloride Syrup 30ml, RL 500 ml), കോംപൗണ്ട് സോഡിയം ലാക്‌റ്റേറ്റ് ഇൻജക്‌ഷൻ ഐപി (Compound Sodium Lactate Injection IP) (Ringer Lactate Solution for Inj), സിങ്ക് സൾഫേറ്റ് ഡിസ്‌പേർസിബിൾ ടാബ്‌ലെറ്റ്സ് ഐപി 20 മില്ലിഗ്രാം (Zinc Sulphate Dispersible tablets IP 20 mg), വരണ്ട ചർമ്മത്തിനുള്ള ക്രീം (Olben Cream-Cream for dry skin), കാത്സ്യം വിറ്റാമിൻ ഡി3 ടാബ്‌ലെറ്റ്സ് ഐപി എന്നിവയാണ് നിലവാരമല്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളിൽ ചിലത്.
സിഡിഎസ്‌സിഒ രാജ്യത്തെ പ്രധാന ഡ്രഗ് റെഗുലേറ്റർ ആയതിനാലാണ് വിവിധ ഫാർമ കമ്പനികൾ നിർമിക്കുന്ന മരുന്നുകൾ പരിശോധിക്കുന്നത്. അനധികൃത മരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന ഫാർമ കമ്പനികൾക്കെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപടി ആരംഭിച്ച സമയത്താണ് നിലവാരമില്ലാത്ത 59 മരുന്നുകൾ പരിശോധിച്ച് കണ്ടെത്തിയത്. 1940-ലെ ഡ്രഗ്‌സ് ആന്‍റ് കോസ്‌മെറ്റിക്‌സ് ആക്‌ട് പ്രകാരം, മരുന്നുകളുടെ നിർമാണത്തിനും വിൽപനയ്ക്കുമുള്ള നിയന്ത്രണം സംസ്ഥാന ലൈസൻസിങ് അതോറിറ്റികളാണ് നടത്തുന്നത്.
മരുന്ന് നിർമാണ സ്ഥാപനങ്ങൾക്കും വിൽപനക്കുമുള്ള ലൈസൻസ് പ്രസ്‌തുത അധികാരികളാണ് നൽകുന്നത്. ലൈസൻസുകളുടെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങൾ നിയമിക്കുന്ന ഡ്രഗ് ഇൻസ്പെക്‌ടർമാരാണ് പരിശോധനകളും റെയ്‌ഡുകളും നടത്തുന്നത്. രാജ്യത്ത് വിപണനം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാൻ ഡ്രഗ് ഇൻസ്പെക്‌ടർമാരാണ് സാമ്പിളുകൾ എടുക്കുന്നത്.
പ്രസ്‌തുത നിയമത്തിനും നിയമ വ്യവസ്ഥകളുടെ ലംഘനത്തിനുള്ള ചട്ടങ്ങൾക്കും കീഴിൽ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ സംസ്ഥാന ലൈസൻസിങ് അതോറിറ്റികളാണ് സ്വീകരിക്കുന്നത്. മരുന്ന് സാമ്പിളുകൾ നിലവാരമുള്ളതല്ലെന്ന് സർക്കാർ അനലിസ്റ്റുകളുടെ പരിശോധന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി സാധാരണയായി ആരംഭിക്കുന്നത്.
Also read: രാജ്യത്ത് അവശ്യമരുന്നുകളുടെ വില ഉയരും, പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍