ന്യൂഡല്‍ഹി : സെന്‍സൊഡൈന്‍ ടൂത്ത് പേസ്റ്റിന്‍റെ പരസ്യവാചകത്തിനെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.സി.പി.എ). 'ലോകത്തെ എല്ലാ ഡോക്ടര്‍മാരും ശുപാര്‍ശ ചെയ്യുന്ന നമ്പര്‍ വണ്‍ ടൂത്ത് പേസ്റ്റ്' എന്ന പരസ്യ വാചകം തെറ്റാണെന്നും ഇത് ഉപഭോക്താക്കളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും അതോറിറ്റി നിരീക്ഷിച്ചു. ഇല്ലാത്ത കാര്യം പറഞ്ഞ് ഉത്പന്നം വിറ്റതിന് കമ്പനി 10 ലക്ഷം രൂപ പിഴ അടക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു.
വിദേശികളായ ദന്തഡോക്ടര്‍മാര്‍ പേസ്റ്റ് ശുപാര്‍ശ ചെയ്യുന്നു എന്ന് പറയുന്ന പരസ്യം എത്രയും വേഗം പിന്‍വലിക്കണം. ടെലിവിഷൻ, യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയുൾപ്പടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ സെൻസൊഡൈൻ ഉത്പന്നങ്ങളുടെ പരസ്യങ്ങൾക്കെതിരെ അതോറിറ്റി നിയമ നടപടി ആരംഭിച്ചിട്ടുണ്ട്. പല്ലിന്‍റെ സെന്‍സിറ്റിവിറ്റിയും പുളിപ്പും ഒഴിവാക്കാന്‍ ഇന്ത്യക്ക് റഷ്യയിലെ ഡോക്ടര്‍മാര്‍ സെൻസൊഡൈൻ റാപ്പിഡ് റിലീഫ്, സെൻസൊഡൈൻ ഫ്രഷ് ജെൽ എന്നിവ നിര്‍ദേശിക്കുന്നതായി കമ്പനി അവകാശപ്പെട്ടിരുന്നു.
'60 സെക്കന്‍റുകൊണ്ട് ആശ്വാസം' ; ക്ലിനിക്കലി തെളിയിക്കാനും നിര്‍ദേശം
ഉത്പന്നം 60 സെക്കന്‍റ് കൊണ്ട് പല്ലിലെ പ്രശ്നങ്ങള്‍ ഇല്ലാതാക്കുമെന്ന് പരസ്യം അവകാശപ്പെടുന്നുണ്ട്. അതോറിറ്റി നല്‍കിയ നോട്ടിസിന്‍റെ അടിസ്ഥാനത്തില്‍ കമ്പനി, ഡോക്ടര്‍മാര്‍ മുഴുവന്‍ അംഗീകരിക്കുന്നുവെന്ന് കാണിക്കുന്നതിനുള്ള ചില സര്‍വേ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചെങ്കിലും ഇത് ഫലം കണ്ടില്ല.
ഇന്ത്യയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ പ്രതികരണം മാത്രമാണ് കമ്പനി അതോറിറ്റി മുമ്പാകെ സമര്‍പ്പിച്ചത്. ഇതോടെയാണ് അതോറിറ്റി പിഴയടക്കാന്‍ ആവശ്യപ്പെട്ടത്. പരസ്യങ്ങളിലെ അവകാശവാദങ്ങളെ സാധൂകരിക്കുന്നതിനോ സെൻസൊഡൈൻ ഉത്പന്നങ്ങളുടെ ലോകമെമ്പാടുമുള്ള പ്രാധാന്യം കാണിക്കുന്നതിനോ കമ്പനി സമഗ്രമായ ഒരു പഠനമോ തെളിവുകളോ സമർപ്പിച്ചിട്ടില്ലെന്നും അതോറിറ്റി നിരീക്ഷിച്ചു.
Also Read: 'ഓര്‍ഡര്‍ ചെയ്ത് പത്ത് മിനിട്ട് കൊണ്ട് ഭക്ഷണം' ; വ്യക്തത വരുത്തി സൊമാറ്റോ
60 സെക്കന്‍റ് കൊണ്ട് ആശ്വാസം എന്ന കമ്പനിയുടെ അവകാശവാദത്തിന്‍റെ സാധുത പരിശോധിക്കാന്‍ അതോറിറ്റി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ, സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന് (സിഡിഎസ്‌സിഒ) എന്നിവര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. സിൽവാസയിലെ സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി അനുവദിച്ച കോസ്‌മെറ്റിക് ലൈസൻസിന് കീഴിലാണ് നിലവില്‍ കമ്പനി തങ്ങളുടെ ഉത്പന്നം നിര്‍മിക്കുന്നത്.
ലൈസന്‍സ് നല്‍കിയവര്‍ക്കും നോട്ടിസ്
അതിനാല്‍ തന്നെ ലൈസന്‍സ് നല്‍കിയ സില്‍വാസയിലെ അതോറിറ്റിയോട് കമ്പനിയുടെ അവകാശവാദങ്ങള്‍ ശരിയാണോ എന്ന് പരിശോധിച്ച് ഉടന്‍ നടപടി സ്വീകരിക്കാനും കേന്ദ്ര അതോറിറ്റി നിര്‍ദേശിച്ചു. അന്വേഷണം ആരംഭിച്ചതായും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഇവര്‍ സിസിപിഎയെ അറിയിച്ചിട്ടുണ്ട്.
കൊവിഡ് പശ്ചാത്തലത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ പരസ്യം നല്‍കിയ 13 കമ്പനികള്‍ക്കെതിരെ നേരത്തെ സിസിപിഎം നടപടി സ്വീകരിച്ചിരുന്നു. ഇതില്‍ മൂന്ന് കമ്പനികള്‍ പരസ്യം തിരുത്തുകയും ബാക്കിയുള്ളവ പരസ്യം പിന്‍വലിക്കുകയും ചെയ്തു.
ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് നേരത്തെ തന്നെ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ അതോറിറ്റി ഇക്കാര്യം കമ്പനികളോട് വീണ്ടും ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.