മുംബൈ: മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിനെതിരായ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസേയെ ചോദ്യം ചെയ്യാൻ അനുമതി തേടി സിബിഐ എൻഐഎ കോടതിയിൽ അപേക്ഷ നൽകി.
ദേശ്‌മുഖിനെതിരെ അഴിമതി ആരോപണങ്ങൾ അന്വേഷിക്കാനുള്ള ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സിബിഐ പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇത്. ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വസതിക്ക് പുറത്ത്, സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം ഉപേക്ഷിച്ച കേസ് അന്വേഷിച്ചിരുന്ന സച്ചിൻ വാസേ ഏപ്രിൽ 7 വരെ എൻഐഎ കസ്റ്റഡിയിലായിരുന്നു.
വാഹനത്തിന്‍റെ ഉടമയായ മൻസുഖ് ഹിരാനെ മാർച്ച് 5 ന് താനെയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മൻസുഖ് ഹിരാൻ വധക്കേസിൽ അനിൽ ദേശ്‌മുഖിനും സച്ചിൻ വാസേയ്ക്കും ബന്ധമുണ്ടെന്നാണ് എന്‍ഐഎ പറയുന്നത്.