ന്യൂഡല്‍ഹി : മണിപ്പൂരില്‍ ഗോത്ര വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് ഉടലെടുത്ത കലാപവും അക്രമവുമായി ബന്ധപ്പെട്ട കേസുകളിലും ഇതേ വരെ അറസ്റ്റൊന്നും നടന്നിട്ടില്ലെന്ന് സിബിഐ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിബിഐക്ക് വിട്ട മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ആറു കേസുകളുടെ അന്വേഷണത്തിന് ജൂണില്‍ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് സിബിഐ രൂപം നല്‍കിയിരുന്നു.
ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവൃത്തിക്കുന്നത്. മുറ പ്രകാരം സംസ്ഥാന പൊലീസില്‍ നിന്ന് കഴിഞ്ഞ മാസം തന്നെ കേസുകളുടെ പ്രഥമ വിവര റിപ്പോര്‍ട്ട് സിബിഐ കൈപ്പറ്റിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും ഒരു മാസത്തിന് ശേഷവും റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ സിബിഐ തയ്യാറായിട്ടില്ല.
തീര്‍ത്തും പ്രതികൂലമായ സാഹചര്യങ്ങളിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പ്രത്യേക അന്വേഷണ സംഘത്തിന് കേസുമായി മുന്നോട്ടു പോകുന്നതില്‍ അനവധി തടസങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും സിബിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കേസന്വേഷണത്തില്‍ ഏറ്റവും വിശ്വസനീയരും കാര്യക്ഷമതയുമുള്ള കേന്ദ്ര ഏജന്‍സിയായ സിബിഐക്ക് മണിപ്പൂര്‍ കേസുകളില്‍ ഏറെയൊന്നും മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അധികൃതരുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പലപ്പോഴും മണിപ്പൂരില്‍ അക്രമാസക്തരായ പ്രക്ഷോഭകരുടെ രോഷത്തിന് ഇരയാകേണ്ടി വന്ന സംഭവമുണ്ടായതായി അധികൃതര്‍ അറിയിച്ചു. വഴിതടയലുകളും തുടര്‍ച്ചയായ പ്രക്ഷോഭങ്ങളും ഒക്കെ കേസന്വേഷണത്തിനെ ബാധിച്ചു. വംശീയ ഏറ്റുമുട്ടലുകള്‍ തുടരുന്നതിനിടയില്‍ കേസിന് സാക്ഷികളെ കണ്ടെത്താനും മൊഴിയെടുക്കാനുമൊക്കെ പ്രത്യേക അന്വേഷണ സംഘം പാടു പെടുകയാണ്.
കലാപത്തിന്‍റെ തുടക്കം : മെയ്‌തി വിഭാഗക്കാര്‍ തങ്ങള്‍ക്ക് ഗോത്ര വര്‍ഗ പദവി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമര മുഖത്തിറങ്ങിയതില്‍ പ്രതിഷേധിച്ച് മണിപ്പൂരില്‍ മെയ് മൂന്നിന് സംഘടിപ്പിച്ച ഗോത്ര ഐക്യദാര്‍ഢ്യ മാര്‍ച്ചിനോടനുബന്ധിച്ചാണ് സംസ്ഥാനത്ത് വ്യാപകമായ അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമങ്ങളില്‍ നൂറു കണക്കിനാളുകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
സംരക്ഷിത വന ഭൂമിയില്‍ നിന്ന് കുക്കികളെ ഒഴിപ്പിക്കാന്‍ നടത്തിയ നീക്കങ്ങളും വ്യാപകമായ അക്രമങ്ങള്‍ക്കും തുടര്‍ കലാപങ്ങള്‍ക്കും വഴിവെക്കുകയായിരുന്നു. ഏറ്റുമുട്ടലുകള്‍ക്കിടെ ഗോത്ര വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തിച്ച വീഡിയോ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.
സംഭവത്തെക്കുറിച്ച് നിഷ്‌പക്ഷ അന്വേഷണം നടത്താന്‍ റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്‌ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി മുമ്പാകെ ഹര്‍ജി ഫയല്‍ ചെയ്യപ്പെട്ടിരുന്നു. സംഭവത്തില്‍ അടിയന്തര നടപടി കൈക്കൊള്ളാനും കൈക്കൊണ്ട പരിഹാര നടപടികളെക്കുറിച്ച് സുപ്രീം കോടതിയെ അറിയിക്കാനും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മണിപ്പൂര്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
മണിപ്പൂര്‍ ജനതയുടെ 53 ശതമാനം വരുന്ന മെയ്‌തി വിഭാഗക്കാര്‍ കൂടുതലായും ഇംഫാല്‍ താഴ്വരയിലാണ് അധിവസിക്കുന്നത്. ജനസംഖ്യയുടെ 40 ശതമാനം വരുന്ന നാഗാ കുക്കി വിഭാഗക്കാര്‍ പ്രധാനമായും കുന്നിന്‍ പ്രദേശങ്ങളിലാണ് കഴിയുന്നത്.