കൊൽക്കത്ത: കന്നുകാലി കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വ്യവസായി ബിനായ് മിശ്രയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച തിരച്ചിൽ നടത്തി. ഇയാളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുകളും അന്വേഷിക്കുന്നതായി ഇ.ഡി അധികൃതർ പറഞ്ഞു.
കന്നുകാലി കള്ളക്കടത്ത് റാക്കറ്റിനെക്കുറിച്ചും കേന്ദ്ര ബ്യൂറോ അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം ഡിസംബർ 31ന് മിശ്രയുടെ കൊൽക്കത്തയിലെ രണ്ട് സ്ഥാപനങ്ങളിൽ ഇ.ഡി തിരച്ചിൽ നടത്തിയിരുന്നു. തൃണമൂൽ കോൺഗ്രസുമായി മിശ്രയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. അദ്ദേഹത്തിനെതിരെ സിബിഐ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നടക്കുന്ന കന്നുകാലി കള്ളക്കടത്ത് റാക്കറ്റ് സൂത്രധാരൻ എനാമുൽ ഹക്കിനെ കഴിഞ്ഞ നവംബറിൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കന്നുകാലികളെ കടത്താൻ ഇയാൾ ബിഎസ്എഫ്, കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്തെന്ന ആരോപണത്തിന് മേലായിരുന്നു അറസ്റ്റ്.