ന്യൂഡല്‍ഹി: ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കന്നുകാലി കടത്തിന്‍റെ മറവില്‍ സ്വർണക്കടത്തെന്ന് റിപ്പോർട്ട്. കന്നുകാലി കടത്തിന് പണത്തിന് പകരം നല്‍കുന്നത് സ്വര്‍ണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് (എംഎച്ച്എ) സമര്‍പ്പിച്ച ഇന്‍റലിജന്‍സ് ബ്യൂറോ (ഐബി) റിപ്പോര്‍ട്ട്. ഇത് രാജ്യത്ത് ഏറെ ആശങ്കയുളവാക്കുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ ഇന്‍റലിജന്‍സ് ബ്യൂറോ പറഞ്ഞു.
സ്വര്‍ണക്കടത്ത് സാമ്പത്തിക ഭദ്രതയെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും തീവ്രവാദ ഫണ്ടിങ് പോലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആയുധങ്ങള്‍ വാങ്ങുന്നതിനായി സ്വര്‍ണം ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മേഘാലയയില്‍ നിരവധി കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
അതിര്‍ത്തിയിലെ ഊടുവഴികളിലൂടെയെല്ലാം ബംഗ്ലാദേശിലേക്ക് കടത്തിയ കന്നുകാലികള്‍ക്ക് പണം നല്‍കാനാണ് സ്വര്‍ണം ഉപയോഗിക്കുന്നതെന്ന് കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്‌തതില്‍ നിന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ രണ്ട് മാസത്തെ (ജനുവരി- ഫെബ്രുവരി) സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ 9.554 കിലോ സ്വര്‍ണം അതിര്‍ത്തി രക്ഷ സേന പിടിച്ചെടുത്തു. 2022ല്‍ 114.406 കിലോഗ്രാം 2021ല്‍ 30.497 കിലോഗ്രാം എന്നിങ്ങനെയാണ് സ്വര്‍ണം പിടികൂടിയത്.
റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞ് കയറ്റവും അനധികൃത ചരക്കുകളുടെ കടത്തലും തടസമില്ലാതെ തുടരുകയാണ്. ഫെന്‍സിങ് ഏര്‍പ്പെടുത്തിയ അതിര്‍ത്തി മേഖലകളിലൂടെ പോലും അത് മറികടന്നുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് തുടരുന്നതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വേണ്ടത് ഡ്രോൺ നിരീക്ഷണം: ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയിലെ ഗ്രാമങ്ങളിലൂടെയാണ് ഇത്തരം നുഴഞ്ഞ് കയറ്റവും ആയുധ കടത്തും സ്വര്‍ണ കടത്തുമെല്ലാം നടക്കുന്നതെന്ന് മന്ത്രാലയം പറഞ്ഞു. കന്നുകാലി കടത്ത് തടയുന്നതിന് അതിര്‍ത്തിയില്‍ ബിഎസ്എഫ് (ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്) സജീവമാണ്. കള്ളക്കടത്ത് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്ന അതിർത്തിക്കപ്പുറമുള്ള പ്രദേശങ്ങളെക്കുറിച്ച് കള്ളക്കടത്തുകാര്‍ക്ക് നന്നായി അറിയുന്നതിനാൽ ഇത് പൂർണമായും തടയുക പ്രായോഗികമായി ബുദ്ധിമുട്ട് തന്നെയാണെന്നതാണ് വാസ്‌തവം.
ബിഎസ്‌എഫിന്‍റെ വിന്യാസത്തെ കുറിച്ചും പട്രോളിങ്ങിനെ കുറിച്ചും കള്ളക്കടത്തുകാര്‍ക്ക് നന്നായി അറിയുന്നതിനാല്‍ രാത്രി സമയത്തുളള ഇത്തരം കള്ളക്കടത്തുകള്‍ നിരീക്ഷിക്കുന്നതിന് ഡ്രോണുകള്‍ ഉപയോഗിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ ഐബി പറയുന്നു. മേഖലയില്‍ സിസിടിവി കാമറ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ഫലപ്രദമല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തീവ്രവാദികള്‍ ഹിറ്റ് ആന്‍ഡ് റണ്‍ ഓപ്പറേഷന്‍ നടത്തുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്ത്യ -ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സ്വര്‍ണക്കടത്തിനൊപ്പം നിരവധി അക്രമങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അതിര്‍ത്തിയില്‍ ബംഗ്ലാദേശി ഗ്രാമവാസികളും അക്രമികളും ചേര്‍ന്ന് ആക്രമണം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് രണ്ട് അതിര്‍ത്തി സുരക്ഷ സേന ജവാന്മാർക്ക് പരിക്കേറ്റിരുന്നു.
ബംഗ്ലാദേശി കര്‍ഷകര്‍ക്ക് ഇന്ത്യന്‍ കര്‍ഷകരുടെ വയലിലേക്കുള്ള പ്രവേശനം നിഷേധിച്ചതാണ് ആക്രമണത്തിന് കാരണമായത്. കൃഷിയിടത്തിലേക്ക് കന്നുകാലികളെ മേയ്‌ക്കാനെത്തുന്ന ബംഗ്ലാദേശ് കര്‍ഷകര്‍ക്കാണ് പ്രവേശനം നിഷേധിച്ചത്. കൃഷിയിടത്തിലെത്തുന്ന കന്നുകാലികള്‍ വിളകള്‍ നശിപ്പിക്കുന്നത് പതിവായതോടെയാണ് പ്രവേശനം വിലക്കിയത്.
also read: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ കള്ളക്കടത്ത് സംഘവുമായി ഏറ്റുമുട്ടൽ; ബിഎസ്‌എഫ് ജവാന് ഗുരുതര പരിക്ക്