ഷിംല : ഉത്തരേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ പോലെ ജാതി രാഷ്‌ട്രീയം ഹിമാചല്‍ പ്രദേശിലും നിര്‍ണായക സ്വാധീനമാണ് ചെലുത്തുന്നത്. നവംബര്‍ 12നാണ് ഹിമാചല്‍ പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ നിര്‍ണായക സ്വാധീന ശക്തി രാജ്‌പൂത്ത് വിഭാഗമാണ്.
സംസ്ഥാനത്തെ ഇതുവരെയുള്ള ആറ് മുഖ്യമന്ത്രിമാരില്‍ പ്രഥമ മുഖ്യമന്ത്രി യശ്വന്ത് പർമറും നിലവിലെ മുഖ്യമന്ത്രി ജയറാം താക്കൂറും അടക്കം അഞ്ച് മുഖ്യമന്ത്രിമാരും രാജ്‌പൂത്ത് വിഭാഗത്തില്‍ നിന്നുള്ളവരാണ്. രാജ്‌പൂത്ത് വിഭാഗത്തില്‍ നിന്നല്ലാതെ ഹിമാചലില്‍ മുഖ്യമന്ത്രിയായ ഏക വ്യക്തി ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള ശാന്ത കുമാര്‍ ആണ്.
മേല്‍ജാതിക്കാര്‍ക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനം : 2011ലെ സെന്‍സസ് അനുസരിച്ച്, ഹിമാചലിലെ ജനസംഖ്യയുടെ 50 ശതമാനത്തില്‍ അധികം മേല്‍ജാതി വിഭാഗക്കാരാണ്. ജനസംഖ്യയില്‍ രാജ്‌പൂത്ത് 32.72ഉം, ബ്രാഹ്മണർ 18 ഉം, പട്ടികജാതി വിഭാഗക്കാര്‍ 25.22 ഉം, പട്ടികവര്‍ഗ വിഭാഗക്കാർ 5.71 ഉം, ഒബിസി വിഭാഗക്കാര്‍ 13.52ഉം, ന്യൂനപക്ഷം 4.83ഉം ശതമാനമാണ്.
നിലവിലെ ഹിമാചല്‍ നിയമസഭയില്‍ രാജ്‌പൂത്ത് വിഭാഗക്കാര്‍ക്ക് ആധിപത്യമുണ്ട്. അമ്പത് ശതമാനം എംഎല്‍എമാരും രാജ്‌പൂത്ത് വിഭാഗക്കാരാണ്. 68 നിയമസഭ മണ്ഡലങ്ങളാണ് ഹിമാചല്‍ പ്രദേശിലുള്ളത്. ഇതില്‍ 20 എണ്ണം സംവരണ മണ്ഡലങ്ങളാണ്.
ബാക്കിയുള്ള 48 മണ്ഡലങ്ങളില്‍ 33 മണ്ഡലങ്ങളെയും നിലവില്‍ പ്രതിനിധീകരിക്കുന്നത് രാജ്‌പൂത്ത് വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എമാരാണ്. ഇതില്‍ 18 പേര്‍ ബിജെപിയില്‍ നിന്നും 12 പേര്‍ കോണ്‍ഗ്രസില്‍ നിന്നും ഒരാള്‍ സിപിഎമ്മില്‍ നിന്നുമാണ്, രണ്ട് പേര്‍ സ്വതന്ത്രരാണ്.
നേരിട്ടുള്ള പോരാട്ടം : ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുള്ള മത്സരമാണ് ഹിമാചല്‍ പ്രദേശില്‍ നടക്കുന്നത്. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും അവരുടെ സ്ഥാനാര്‍ഥികളില്‍ 28 പേരെ വീതം രാജ്‌പൂത്ത് വിഭാഗത്തില്‍ നിന്നാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഈ വിഭാഗത്തിനുള്ള സ്വാധീനം ഇതില്‍ നിന്ന് വ്യക്തമാണ്.
ഹിമാചലിലെ നിലവിലെ 12 അംഗ മന്ത്രിസഭയില്‍ ആറുപേര്‍ ഈ വിഭാഗത്തില്‍ നിന്നുള്ളവരാണ്. സംസ്ഥാന രൂപീകരണം മുതല്‍ ഹിമാചല്‍ രാഷ്‌ട്രീയത്തില്‍ രാജ്‌പൂത്ത് വിഭാഗത്തിന്‍റെ സ്വാധീനം ശക്തമാണ്. ബിജെപിയേയും കോണ്‍ഗ്രസിനേയും ഹിമാചല്‍ പ്രദേശില്‍ നയിച്ച നേതാക്കളെല്ലാം ഈ വിഭാഗത്തില്‍ നിന്നുള്ളവരാണ്.
മറ്റ് നിര്‍ണായക വിഭാഗങ്ങള്‍ : ഇവിടെ സ്വാധീനം ചെലുത്തുന്ന മറ്റ് വിഭാഗങ്ങള്‍ ബ്രാഹ്മണരും ഒബിസിയുമാണ്. മുഖ്യമന്ത്രിയായിരുന്ന ശാന്തകുമാറിനെ കൂടാതെ പണ്ഡിറ്റ് സുഖ്‌റാം, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, സുരേഷ് ഭരദ്വാജ്, ആനന്ദ് ശര്‍മ തുടങ്ങിയവര്‍ ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള പ്രമുഖ നേതാക്കളാണ്.
ജനസംഖ്യയുടെ 13.52 ശതമാനം മാത്രമാണ് ഒബിസി വിഭാഗമെങ്കിലും പലപ്പോഴും അവരുടെ വോട്ട് നിര്‍ണായകമാകാറുണ്ട്. പ്രത്യേകിച്ച് 15 സീറ്റുകളുള്ള കംഗ്ര ജില്ലയില്‍. അധികാരത്തില്‍ എത്തണമെങ്കില്‍ കംഗ്ര കോട്ട കടക്കണം എന്നത് ഹിമാചല്‍ രാഷ്‌ട്രീയത്തിലെ ചൊല്ലാണ്. കംഗ്ര ജില്ലയില്‍ ജനസംഖ്യയുടെ 50 ശതമാനത്തില്‍ അധികം ഒബിസി വിഭാഗത്തില്‍ നിന്നുള്ളവരാണ്.
ചന്ദ്രകുമാര്‍, നീരജ് ഭാരതി, പവന്‍ കാജല്‍, സര്‍വീന്‍ ചൗധരി എന്നിവര്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ള പ്രമുഖ നേതാക്കളാണ്. രാജ്‌പൂത്ത് വിഭാഗം കഴിഞ്ഞാല്‍ ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള പട്ടികജാതി വിഭാഗക്കാര്‍ക്ക് ഹിമാചല്‍ നിയമസഭയില്‍ 17 മണ്ഡലങ്ങള്‍ സംവരണം ചെയ്യപ്പെട്ടിട്ടുണ്ട്.