കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നേതൃത്വത്തിലുള്ള സ്റ്റാറ്റിക് നിരീക്ഷണ സംഘം (എസ്എസ്ടി) പശ്ചിമ ബംഗാളിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി സംശയാസ്പദമായ രീതിയില്‍ 1.45 കോടി രൂപ പിടിച്ചെടുത്തു. ചൗറാഞ്ചി നിയമസഭാ മണ്ഡലത്തിലെ മൗലാലിയില്‍ നിന്ന് 30 ലക്ഷം രൂപ, ജോരാസാങ്കോ അസംബ്ലി സീറ്റ് ഏരിയയിലെ ഒരു വാഹനത്തിൽ നിന്ന് 40 ലക്ഷം രൂപ എന്നിവ സംഘം പിടിച്ചെടുത്തു.
സമാനരീതിയില്‍ കൊല്‍ക്കത്ത പൊലീസ് സംഘം 5 പേരില്‍ നിന്നായി 75 ലക്ഷം രൂപ കണ്ടെടുത്തു. പണത്തിന്‍റെ രേഖകള്‍ ഒന്നും തന്നെ ഇവര്‍ക്ക് സമര്‍പ്പിക്കാന്‍ സാധിച്ചിരുന്നില്ലെന്ന് മുതിര്‍ന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഈ കേസുകളെക്കുറിച്ച് ആദായനികുതി വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read: ബംഗാള്‍ തെരഞ്ഞെടുപ്പ് : നിയന്ത്രണങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹര്‍ജി
തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്ക് നിയമവിരുദ്ധമായി പണം, മയക്കുമരുന്നുകള്‍ തുടങ്ങിയവ അനധികൃതമായി നല്‍കുന്നുണ്ടോയെന്ന് കണ്ടെത്താനാണ് വിവിധ കേന്ദ്ര, സംസ്ഥാന സർക്കാർ ഏജൻസികളിൽ നിന്നായി രൂപീകരിച്ച സ്റ്റാറ്റിക് നിരീക്ഷണ സംഘത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിന്യസിച്ചത്. പശ്ചിമ ബംഗാളിലെ മൊത്തം എട്ട് ഘട്ട വോട്ടെടുപ്പുകളുടെ അവസാന ഘട്ടം ഏപ്രിൽ 29നാണ്. വോട്ടെണ്ണൽ മെയ് 2 ന് നടക്കും