മുംബൈ : ഇന്ത്യയിൽ താമസമാക്കിയ പോളണ്ട് സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെതിരെ കേസെടുത്ത് മുംബൈ പൊലീസ്. അംബോലി സ്വദേശിയായ മനീഷ് ഗാന്ധിക്കെതിരെയാണ് നടപടി. 2016 നും 2022 നും ഇടയിൽ പ്രതി പലതവണ യുവതിയെ പീഡിപ്പിച്ചതായാണ് പരാതി. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. 2016 നും 2022 നും ഇടയിലാണ് പ്രതി പോളിഷ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. പീഡന ശേഷം യുവതിയുടെ നഗ്‌നചിത്രങ്ങൾ പകർത്തിയ പ്രതി അവ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു.
അതേസമയം പ്രതി പലതവണ ഇരയെ ലൈംഗികമായി പീഡിപ്പിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഒളിവിൽ പോയ പ്രതിയെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
ജപ്പാൻ യുവതിക്ക് നേരെ അതിക്രമം: രാജ്യത്ത് വിദേശ വനിതകൾക്കെതിരായ അതിക്രമം സമീപ കാലങ്ങളിൽ വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസമാണ് ഹോളി ആഘോഷത്തിനിടെ ജപ്പാനിൽ നിന്നുള്ള യുവതിയെ ഒരുസംഘം അക്രമികൾ കടന്നുപിടിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഡൽഹിയിലെ പഹർഗഞ്ചിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.
ജപ്പാനിൽ നിന്ന് ഇന്ത്യ സന്ദർശിക്കാനെത്തിയ യുവതിയെ റോഡിൽ ഹോളി ആഘോഷിക്കുകയായിരുന്ന ഒരു കൂട്ടം യുവാക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. പ്രതികൾ യുവതിയെ കടന്നുപിടിക്കുന്നതും ശരീരത്തിൽ നിറങ്ങൾ പൂശുന്നതും തലയിൽ ശക്‌തിയായി മുട്ട അടിച്ച് പൊട്ടിക്കുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു. തുടർന്നും തന്നെ കടന്ന് പിടിക്കാൻ വന്ന യുവാവിനെ യുവതി അടിക്കുന്നതും ശേഷം രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാമായിരുന്നു.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധങ്ങളാണുണ്ടായത്. സിനിമ താരങ്ങളുൾപ്പടെയുള്ളവർ ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ച് പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. പിന്നാലെ സംഭവത്തിൽ ഡൽഹി വനിത കമ്മിഷൻ ഇടപെടുകയും സംഭവം അന്വേഷിച്ച് കേസെടുക്കാൻ ഡൽഹി പൊലീസിന് നിർദേശം നൽകുകയും ചെയ്‌തു.
പിന്നാലെ സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് മൂന്ന് പ്രതികളെ പിടികൂടുകയായിരുന്നു. ഇതിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. അതേസമയം സംഭവത്തിൽ ജപ്പാൻ യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും ഇന്ത്യയിൽ നിന്ന് അവർ ബംഗ്ലാദേശിലേക്ക് പോയതായും പൊലീസ് അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തും പീഡന ശ്രമം : ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് വിദേശ വനിതയ്‌ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. യുകെയിൽ നിന്നെത്തിയ 25 കാരിയായ യുവതി തനിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമമുണ്ടായെന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതികള്‍ തനിക്ക് അശ്ലീല സന്ദേശങ്ങളയച്ചുവെന്നും തുടര്‍ന്ന് റിസോര്‍ട്ടില്‍ നിന്ന് ബീച്ചിലേക്ക് പോകുന്നതിനിടെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നുമായിരുന്നു യുവതിയുടെ പരാതി. തിരുവനന്തപുരത്ത് എത്തിയ യുവതി യാത്രയ്‌ക്കായി പ്രതികളിൽ ഒരാളുടെ ടാക്‌സി വിളിക്കുകയും ഇതുവഴി യുവതിയുടെ ഫോണ്‍ നമ്പർ പ്രതികൾക്ക് ലഭിക്കുകയുമായിരുന്നു.
പിന്നാലെ പ്രതികൾ ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയയ്ക്കാന്‍ തുടങ്ങി. എതിർത്തതോടെ റിസോർട്ടിൽ നിന്ന് ബീച്ചിലേക്ക് പോകുന്ന വഴിയിൽ വച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നുമാണ് പരാതി.