മുംബൈ: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്‌തു നിറച്ച കാർ കണ്ടെത്തിയ സംഭവത്തെത്തുടർന്നുള്ള എൻഐഎ അന്വേഷണത്തിൽ കാറിന്‍റെ യഥാർഥ ഉടമയെ കണ്ടെത്തി. താനെ സ്വദേശി സാം പീറ്റർ ന്യൂട്ടന്‍റെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്‌തിരിക്കുന്നതെന്ന് എൻഐഎ അറിയിച്ചു.
താനെ ആർടിഒ ഓഫീസിൽ 2007,ഏപ്രിൽ ഏഴിനാണ് വാഹനം രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഇതോടെ കാർ ഹിരൺ മൻസുക്കിന്‍റേതല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. 2018 ലാണ് കാർ അറ്റകുറ്റപ്പണി ബിസിനസ് നടത്തുന്ന ഹിരൺ മൻസുക്കിന് , കാർ മോടിപിടിപ്പിക്കുന്നതിനായി സാം പീറ്റർ കൈമാറുന്നത്.
എന്നാൽ കാർ മോടിപിടിപ്പിക്കുന്നതിനായി 280000 രൂപ വേണമെന്നുള്ള ബില്ല് മൻസുക്ക്, സാം പീറ്ററിന് നൽകിയിരുന്നു. തുടർന്ന് സാം പീറ്റർ രണ്ട് ചെക്കുകൾ ഇയാൾക്ക് നൽകുകയും ചെയ്‌തു. എന്നാൽ ചെക്കുകൾ മടങ്ങിയതോടെ കാർ ഹിരൺ മൻസുക്കിന്‍റെ പക്കലാവുകയായിരുന്നു. തുടർന്ന് 2018 മുതൽ കാർ ഉപയോഗിച്ചിരുന്നത് ഹിരൺ മൻസുക്ക് ആണ്.