ജമ്മു കശ്‌മീര്‍: ജമ്മു കശ്‌മീരിലെ രജൗരി ജില്ലയില്‍ നിയന്ത്രണ രേഖയ്‌ക്ക് സമീപത്ത് നിന്ന് നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ സൈന്യം പിടികൂടിയ ഭീകരന്‍ ഇന്ത്യൻ സൈനിക പോസ്റ്റിൽ ചാവേറാക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്നതായി വിവരം. പാകിസ്ഥാന്‍ ഇന്‍റലിജന്‍സ് ഏജന്‍സിയിലെ കേണല്‍ യൂനസ് എന്ന ഉദ്യോഗസ്ഥനാണ് ഇയാളെ റിക്രൂട്ട് ചെയ്‌തതെന്നും ഇതിനായി 30,000 പാകിസ്ഥാനി റുപ്പി ഇയാള്‍ക്ക് നല്‍കിയെന്നും സൈന്യം അറിയിച്ചു. 4-5 പേർക്കൊപ്പമാണ് ഇയാള്‍ നിയന്ത്രണ രേഖയ്‌ക്ക് സമീപമെത്തിയതെന്ന് വെളിപ്പെടുത്തിയെന്നും സൈന്യം വ്യക്തമാക്കി.
ഓഗസ്റ്റ് 21ന് പുലര്‍ച്ചെ നിയന്ത്രണ രേഖയ്‌ക്ക് അപ്പുറത്ത് നിന്ന് 2-3 ഭീകരർ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുവെന്ന് സൈനികർക്ക് വിവരം ലഭിച്ചുവെന്ന് കരസേനയിലെ 80 ഇൻഫൻട്രി ബ്രിഗേഡ് കമാൻഡർ ബ്രിഗേഡിയർ റാണ ഔദ്യോഗിക വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഇവരിലൊരാള്‍ ഇന്ത്യന്‍ പോസ്റ്റിന് സമീപത്ത് എത്തി നിയന്ത്രണ രേഖ മുറിച്ചുകടക്കാന്‍ ശ്രമിക്കുകയും തുടര്‍ന്ന് സൈന്യം ഇയാള്‍ക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇയാളെ പിന്നീട് സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നല്‍കി.
ആക്രമണം നടത്താന്‍ 30,000 പാക് കറന്‍സി നല്‍കി: പാക് അധീന കശ്‌മീരിലെ കോടി സബ്‌സ്‌കോട്ട് എന്ന ഗ്രാമത്തില്‍ നിന്നുള്ള തബറാക് ഹുസൈൻ എന്നയാളാണ് പിടിയിലായതെന്ന് തിരിച്ചറിഞ്ഞുവെന്നും സൈന്യം അറിയിച്ചു. തന്‍റെ പിറകില്‍ രണ്ട് പേര്‍ ഉണ്ടായിരുന്നുവെന്നും ഇവർ രക്ഷപ്പെടുകയായിരുന്നുവെന്നും ഇയാള്‍ സൈന്യത്തോട് വെളിപ്പെടുത്തി. 'മേ മർനെ കേ ലിയേ ആയാ ഥാ, മുജെ ധോകാ ദേ ദിയാ' (ഞാന്‍ മരിക്കാന്‍ വേണ്ടി വന്നതാണ്, പക്ഷേ വഞ്ചിക്കപ്പെട്ടു) എന്ന് നിലവിളിച്ചുവെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
ഒപ്പമുള്ളവർ തന്നെ ഒറ്റുകയായിരുന്നുവെന്നും പിന്നീട് ഇന്ത്യൻ സൈന്യം പിടികൂടിയെന്നും സൈനിക ആശുപത്രിയിൽ വച്ച് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. '4-5 പേര്‍ക്കൊപ്പം ചാവേര്‍ ആക്രമണത്തിനാണ് ഞാന്‍ ഇവിടെയെത്തിയത്. പാക് സൈന്യത്തിലെ കേണല്‍ യൂനസ് ആണ് എന്നെ അയച്ചത്. ഇന്ത്യന്‍ സൈന്യത്തിനെതിരെ ആക്രമണം നടത്താന്‍ മുപ്പതിനായിരം പാക് കറന്‍സി നല്‍കി', തബറാക് ഹുസൈൻ മാധ്യമങ്ങളോട് പറഞ്ഞു. ആറ് മാസത്തെ പരിശീലനം ലഭിച്ചിരുന്നുവെന്നും ഇക്കാലയളവില്‍ ലഷ്‌കർ ഇ ത്വയ്‌ബ (എൽഇടി), ജയ്‌ഷെ ഇ മുഹമ്മദ് (ജെഎം) ക്യാമ്പുകളില്‍ താന്‍ പങ്കെടുത്തിരുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തി.
48 മണിക്കൂറിനിടെ രണ്ട് നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ തടഞ്ഞു: ഓഗസ്റ്റ് 21നാണ് നിയന്ത്രണ രേഖയ്‌ക്ക് സമീപത്ത് വച്ച് നുഴഞ്ഞു കയറ്റ ശ്രമത്തിനിടെ ഇയാള്‍ സൈന്യത്തിന്‍റെ പിടിയിലാകുന്നത്. സൈന്യത്തിന്‍റെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ നിലവില്‍ സൈനിക കേന്ദ്രത്തിൽ ചികിത്സയില്‍ കഴിയുകയാണ്. 2017ൽ ഇന്ത്യന്‍ സൈന്യം പിടികൂടിയ ഇയാളെ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു.
അതേസമയം, 48 മണിക്കൂറിനിടെ രജൗരി ജില്ലയിലെ നൗഷേര സെക്‌റ്ററിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള രണ്ട് നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് തടഞ്ഞതെന്ന് സൈന്യം അറിയിച്ചു. മറ്റൊരു വ്യത്യസ്‌ത സംഭവത്തില്‍ നൗഷേരയിലെ ലാം സെക്‌ടറില്‍ നുഴഞ്ഞുകയറാൻ 2-3 ഭീകരർ ശ്രമിച്ചു. മൈൻ ഫീൽഡിലേക്ക് കടന്ന രണ്ട് ഭീകരർ സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. ഇവരുടെ ഒപ്പമുണ്ടായിരുന്നവര്‍ പരിക്കേറ്റ് പ്രദേശത്ത് ഒളിച്ചിരിക്കുകയോ അല്ലെങ്കില്‍ മടങ്ങി പോയിട്ടുണ്ടാകുമെന്നും സംശയിക്കുന്നതായി സൈന്യം വ്യക്തമാക്കി.
Also read: പുല്‍വാമയില്‍ 12 കിലോ ഐഇഡി നിർവീര്യമാക്കി, ഒഴിവായത് വൻ ഭീകരാക്രമണം